ജോഷിമഠിൽ ഭൗമ പ്രതിഭാസം നേരിടുന്ന പ്രദേശങ്ങൾ കേന്ദ്രസംഘം സന്ദർശിക്കും
ഡെറാഢൂണ്‍: ബോർഡർ സെക്രട്ടറിയും ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളും ഇന്ന് ജോഷിമഠിലെ ഭൗമ പ്രതിഭാസം നേരിടുന്ന പ്രദേശങ്ങൾ സന്ദർശിക്കും. ജനങ്ങളെ മാറ്റിപ്പാർപ്പിച്ച് പ്രതിസന്ധി പരിഹരിക്കാൻ പ്രധാനമന്ത്രി നിർദ്ദേശം നൽകി. ഉന്നതതല യോഗത്തിന് ശേഷം പ്രധാനമന്ത്രി മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുമായി ഫോണിൽ സംസാരിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോളജി, ഐഐടി റൂർക്കി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെന്‍റ് തുടങ്ങിയ 7 സെന്ററുകൾ പ്രശ്നപരിഹാരത്തിനായി ഒരുമിച്ച് പ്രവർത്തിക്കും. ദുരിതബാധിത പ്രദേശങ്ങളിലെ ആളുകളെ ഒഴിപ്പിക്കുന്നത് തുടരുന്നതിനിടെ കുടിയൊഴിപ്പിക്കപ്പെട്ടവർക്കായി താൽക്കാലിക വീടുകൾ നിർമ്മിക്കാനും പദ്ധതിയുണ്ട്. വീടുകളിൽ വലിയ വിള്ളലുകൾ, ഭൂമിക്കടിയിൽ നിന്ന് ശക്തമായ നീരൊഴുക്ക്, തുടങ്ങിയ പ്രശ്നങ്ങളാൽ ജോഷിമഠിലെ മൂവായിരത്തിലധികം ആളുകൾ കഴിഞ്ഞ ഒരു വർഷമായി ഭീതിയിലാണ് ജീവിക്കുന്നത്. അതി ശൈത്യമായതോടെ ഭൗമ പ്രതിഭാസങ്ങളുടെ തീവ്രതയും വർദ്ധിച്ചു. നിരവധി വീടുകൾ നിലംപൊത്തുകയും റോഡുകൾ തകരുകയും ചെയ്തു. രണ്ട് വാർഡുകളിൽ ആരംഭിച്ച പ്രശ്നം പത്തിലധികം വാർഡുകളിൽ ഭീഷണിയായതോടെ ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങി.