ചാലക്കുടി അടിപ്പാത മെയ് 30നകം തുറന്ന് കൊടുക്കും

ചാലക്കുടി അടിപ്പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ടി ജെ സനീഷ്കുമാർ എംഎൽഎ, ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു. കേരളത്തിലെ പ്രധാന സഞ്ചാരപാതയായ ചാലക്കുടി അടിപാത മെയ് 30നകം സഞ്ചാരയോഗ്യമാക്കി ജനങ്ങൾക്ക് തുറന്ന് കൊടുക്കാനുള്ള പരിശ്രമത്തിലാണെന്ന് ഇരുവരും അറിയിച്ചു.
മെയ് ആദ്യവാരം ജി എസ് ബി വിരിക്കുന്ന പ്രവൃത്തികളും മെയ് മാസം പകുതിയോടെ ടാറിങ്ങ് പ്രവൃത്തികളും ആരംഭിക്കും. പ്രീ കാസ്റ്റിംഗ് കട്ടകളുടെ നിർമ്മാണം യാർഡിൽ പുരോഗമിക്കുകയാണ്. നിർമാണത്തിൻ്റെ ഭാഗമായി മണ്ണ് നിറയ്ക്കുന്ന പ്രവൃത്തിയും സംരക്ഷണഭിത്തി നിർമ്മാണവും പത്ത് ദിവസത്തിനകം പൂർത്തിയാകുമെന്നും കരാർ കമ്പനി അധികൃതർ ഉറപ്പ് നൽകി. രാത്രിയും പകലുമായി രണ്ട് ഷിഫ്റ്റുകളിലായി എഴുപത്തിയഞ്ചോളം തൊഴിലാളികൾ നിർമ്മാണപ്രവൃത്തിയിൽ ഏർപ്പെടുന്നുണ്ട്.
നഗരസഭ വൈസ് ചെയർപേഴ്സൺ ആലീസ് ഷിബു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ദീപു ദിനേശ്, സൂസമ്മ ആന്റണി, കൗൺസിലർ ബിജു എസ് ചിറയത്ത്, ഷിബു വാലപ്പൻ, സൈറ്റ് എഞ്ചിനിയർ അർജ്ജുൻ, കൺസൾട്ടൻസി പ്രതിനിധി രവിശങ്കർ തുടങ്ങിയവർ ഒപ്പമുണ്ടായി.