വടക്കാഞ്ചേരി അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ അപകടം ആരെയും ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അപകടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കും. റോഡിലെ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസ്താവന, 'സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ കുട്ടികൾ ഉൾപ്പെടെ കുറഞ്ഞത് ഒമ്പത് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. റോഡിലെ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും. പരിക്കേറ്റവർക്ക് ആവശ്യമായ ചികിൽസാ സഹായം ചെയ്യാൻ സർക്കാർ സംവിധാനങ്ങൾ ആകെ ഉണർന്ന് പ്രവർത്തിക്കുന്നുണ്ട്. മന്ത്രിമാർ ഉൾപ്പെടെ ആശ്വാസ പ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകുന്നു. മരണമടഞ്ഞവരുടെ കുടുംബങ്ങളുടെയും ഉറ്റവരുടെയും വേദനയിൽ പങ്കു ചേരുന്നു.അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു'.