സർക്കാർ ഉദ്യോഗസ്ഥർക്ക് നാലാം ശനി അവധി ദിവസമാക്കാനുള്ള ശുപാർശ തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: നാലാം ശനിയാഴ്ച സർക്കാർ ജീവനക്കാർക്ക് അവധിയായി പ്രഖ്യാപിക്കാനുള്ള ശുപാർശ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. ഭരണപരിഷ്കാര കമ്മീഷനാണ് ശുപാർശ നൽകിയത്. എന്നാൽ എൻജിഒ യൂണിയനും സെക്രട്ടേറിയറ്റ് സർവീസ് അസോസിയേഷനും ഈ നിർദ്ദേശത്തെ ശക്തമായി എതിർത്തു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ തീരുമാനം. പ്രവൃത്തി ദിവസം 15 മിനിറ്റ് വർദ്ധിപ്പിക്കണമെന്നും നാലാം ശനിയാഴ്ച അവധിയാക്കണമെന്നും ചീഫ് സെക്രട്ടറി സർവീസ് സംഘടനകൾക്ക് മുന്നിൽ നിർദ്ദേശിച്ചിരുന്നു. കാഷ്വൽ ലീവ് പ്രതിവർഷം 20 ൽ നിന്ന് 18 ആയി കുറയ്ക്കാനും നിർദ്ദേശിച്ചിരുന്നു. അതുകൊണ്ടാണ് ഇടത് സംഘടനകൾ തന്നെ ഈ നിർദ്ദേശത്തെ എതിർത്തത്. സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ആശ്രിത നിയമനം നിയന്ത്രിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് ജീവനക്കാർക്ക് നാലാം ശനിയാഴ്ച അവധിയെന്ന് സർക്കാർ നിർദ്ദേശിച്ചത്. ആശ്രിത നിയമനം ഒരു വർഷത്തിനുള്ളിൽ ജോലി ലഭിക്കാൻ അർഹതയുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് നിയന്ത്രണത്തിന് നീക്കം നടത്തിയത്. ജോലി സമയം വർദ്ധിപ്പിക്കുന്നതിനൊപ്പം അഞ്ച് കാഷ്വൽ ലീവ് കുറയ്ക്കുമെന്ന് ചീഫ് സെക്രട്ടറി സർവീസ് സംഘടനകളെ അറിയിച്ചിരുന്നു. തുടർന്ന് കുറയ്ക്കുന്ന കാഷ്വൽ ലീവുകളുടെ എണ്ണം രണ്ടാക്കിയെങ്കിലും സംഘടനകൾ തയ്യാറായില്ല.

Related Posts