കേരളത്തെ മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമാക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി
കോഴിക്കോട്: രാജ്യത്തെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ സംസ്ഥാനത്തെ ഒന്നാമതെത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് ക്രേസ് ബിസ്കറ്റിന്‍റെ ഫാക്ടറി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരിയായ ദിശാബോധത്തോടെയാണ് സംസ്ഥാനത്ത് അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. "സംസ്ഥാനത്തെ വ്യവസായ സംരംഭങ്ങളെയും ചെറുകിട സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതാണ് സർക്കാരിന്റെ നിലപാട്. 'സംരംഭക വർഷം' പദ്ധതിയിലൂടെ ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാനാണ് ലക്ഷ്യമിട്ടത്. എട്ട് മാസം കൊണ്ട് കേരളത്തിൽ ഇത് കൈവരിക്കാൻ കഴിഞ്ഞത് ഒരു നേട്ടമാണ്. സംസ്ഥാനത്തിന്‍റെ ഭാവി കണക്കിലെടുത്താണ് സർക്കാർ ഇടപെടലുകൾ നടത്തുന്നത്. വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ നിലവിൽ രാജ്യത്ത് 15-ാം സ്ഥാനത്താണ് കേരളം. പട്ടികയിൽ ഒന്നാമതെത്താനാണ് സംസ്ഥാനം ശ്രമിക്കുന്നത്," അദ്ദേഹം പറഞ്ഞു. കേരളത്തിന്‍റെ വ്യവസായ സൗഹൃദ അന്തരീക്ഷം പ്രത്യേകം പരിശോധിച്ചാൽ നമ്മുടെ സംസ്ഥാനം എത്രമാത്രം മെച്ചപ്പെട്ടതാണെന്ന് നമുക്ക് മനസ്സിലാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യം, പരിസ്ഥിതി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ കേരളം മറ്റ് സംസ്ഥാനങ്ങളെക്കാൾ മികച്ചതാണ്. എന്നാൽ വ്യാവസായിക മേഖലയിൽ ഭൂമി കുറവാണെന്നതാണ് കേരളം നേരിടുന്ന വെല്ലുവിളി. അതിനാൽ, സംസ്ഥാനത്തിന് അനുയോജ്യമായ വ്യാവസായിക സംരംഭങ്ങൾ വികസിപ്പിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. കേരളം സ്റ്റാർട്ട് അപ്പ് സൗഹൃദമായി മാറുകയാണ്. വ്യാവസായിക അന്തരീക്ഷം മെച്ചപ്പെടുത്താൻ സംസ്ഥാന സർക്കാർ കൂടുതൽ കാര്യങ്ങൾ ഗൗരവമായി നീക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.