നേഹ, നിയ, കനി, ഫിദൽ; നാല് കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി പിണറായി വിജയൻ
അറിവാണ് ഒരു സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാരംഭ ദിനത്തിൽ നൽകിയ സന്ദേശത്തിലാണ് അറിവിന്റെ പ്രാധാന്യത്തെപ്പറ്റിയുള്ള മുഖ്യമന്ത്രിയുടെ വാക്കുകൾ. നേഹ, നിയ, കനി, ഫിദൽ എന്നീ നാല് കുഞ്ഞുങ്ങളെയാണ് മുഖ്യമന്ത്രി എഴുത്തിനിരുത്തിയത്.
വളരെ പ്രധാനപ്പെട്ട സാമൂഹ്യപ്രവർത്തനമായാണ് വിദ്യാഭ്യാസം പരിഗണിക്കപ്പെടുന്നതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വിദ്യാരംഭ ദിനത്തിൽ നിരവധി കുഞ്ഞുങ്ങളാണ് അറിവിന്റെ ലോകത്തേക്ക് ആദ്യ ചുവടുവെയ്ക്കുന്നത്.
കോവിഡ് മഹാമാരിയെ തുടർന്ന് ദീർഘകാലം അടച്ചിട്ട വിദ്യാലയങ്ങൾ കുറച്ചു ദിവസങ്ങൾക്കുള്ളിൽ തുറന്നു പ്രവർത്തിക്കാൻ പോകുന്നു എന്നത് സന്തോഷകരമായ കാര്യമാണെന്ന് പിണറായി പറഞ്ഞു. നമ്മുടെ കുഞ്ഞുങ്ങൾക്കായി ഏറ്റവും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കാനും നാടിന്റെ ശോഭനമായ ഭാവി ഉറപ്പുവരുത്താനും ഒരുമിച്ച് നിൽക്കാം.