അമ്മാടം സെൻ്റ് ആൻ്റണിസ് ഹൈസ്കൂളിൽ നിന്ന് ഇനി കുട്ടി പൊലീസും

ജില്ലയിൽ കുട്ടി പൊലീസിൻ്റെ സേവനം വ്യാപകമാക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. ഇതിൻ്റെ ഭാഗമായി ചേർപ്പ് അമ്മാടം സെൻ്റ് ആന്റണിസ് ഹൈസ്കൂളിൽ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് പദ്ധതിക്ക് തുടക്കമായി.  സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിലെ 44 കുട്ടികളാണ് കുട്ടി പൊലീസ് പരിശീലനം നേടുക. ജില്ലയിൽ റൂറൽ തലത്തിൽ 16 സ്കൂളുകളിലും സിറ്റി തലത്തിൽ 10 സ്കൂളുകളിലും ഉൾപ്പടെ 26 സ്കൂളുകളിലാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

രാജ്യത്തിൻ്റെ വളർച്ചയ്ക്ക് പൗരബോധവും ലക്ഷ്യബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള യുവജനങ്ങളെ വാർത്തെടുക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സംസ്ഥാന ആഭ്യന്തര, വിദ്യാഭ്യാസ വകുപ്പുകൾ ചേർന്ന് 2010 ൽ രൂപംകൊടുത്ത പദ്ധതിയാണ് സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് പദ്ധതി. ആഭ്യന്തര, വിദ്യാഭ്യാസ വകുപ്പുകൾക്ക് പുറമെ ഗതാഗതം, വനം, എക്സൈസ്, തദ്ദേശസ്വയംഭരണ വകുപ്പുകളും ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നുണ്ട്.

എൻസിസി, എൻഎസ്എസ് എന്നീ സന്നദ്ധ സംഘടനകളെപ്പോലെ എസ്പിസിയെ ഒരു സ്വതന്ത്ര സാമൂഹ്യസേവന വിഭാഗമായി വളർത്തുക,  വിദ്യാർത്ഥികളിൽ പ്രകൃതിസ്നേഹം, പരിസ്ഥിതി സംരക്ഷണ ബോധം, പ്രകൃതി ദുരന്തങ്ങൾക്ക് എതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുക,  സാമൂഹ്യ പ്രശ്നങ്ങളിൽ ഇടപെടാനും ദുരന്ത ഘട്ടങ്ങളിൽ ഉണർന്ന് പ്രവർത്തിക്കാനുള്ള മനോഭാവം വളർത്തുക,  സ്വഭാവശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുക എന്നിവയാണ് പദ്ധതിയുടെ മറ്റ് ലക്ഷ്യങ്ങൾ.

ഇതിനായി ഒരാഴ്ചത്തെ റസിഡൻഷ്യൽ ക്യാമ്പ് ഓരോ വർഷവും നടത്തും. എല്ലാ ശനിയാഴ്ചകളിലും പരിശീലനം നൽകും. കായിക പരിശീലനം,  പരേഡ്,  റോഡ് സുരക്ഷാ ക്യാമ്പയിനുകൾ,  നിയമസാക്ഷരത ക്ലാസുകൾ എന്നിവയും ഇതിൻ്റെ ഭാഗമാണ്. വനം, എക്സൈസ്,  ആർ ടി ഒ വകുപ്പുകളുമായി ബന്ധപ്പെട്ട ക്യാമ്പുകളും ഉണ്ടാവും. ഒരു വർഷം 130 മണിക്കൂർ സേവനമാണ് ഇവർ നടത്തേണ്ടത്.

സ്കൂളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സ്കൂൾ മാനേജർ ഫാദർ ജോൺ കിടങ്ങൻ അധ്യക്ഷത വഹിച്ചു.  ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീന പറയങ്ങാട്ടിൽ മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കെ രാധാകൃഷ്ണൻ, പാറളം പഞ്ചായത്ത് പ്രസിഡണ്ട് മിനി വിനയൻ, ചേർപ്പ് എസ് എച്ച് ഓ  ടി വി ഷിബു, സ്കൂൾ ഹെഡ്മാസ്റ്റർ സ്റ്റൈനി ചാക്കോ, പ്രിൻസിപ്പൽ ടോമി തോമസ്, പിടിഎ പ്രസിഡന്റ് ബിജു മാത്യുസ്, ബ്ലോക്ക് പഞ്ചായത്തംഗം അനിത മണി, ഗ്രാമ പഞ്ചായത്ത് അംഗം ആശാ മാത്യൂസ്, എം പി ടി എ പ്രസിഡണ്ട് റിൻസി ജോബി, സീനിയർ അദ്ധ്യാപകൻ ജയിംസ് പോൾ  തുടങ്ങിയവർ പങ്കെടുത്തു.

Related Posts