ചൈനീസ് യുദ്ധവിമാനം പരിശീലനത്തിനിടെ തകർന്നു; 2 മാസത്തിനിടെ തകരുന്നത് ചൈനയുടെ മൂന്നാമത്തെ വിമാനം

ബെയ്ജിംഗ്: പരിശീലനത്തിനിടെ ചൈനയിൽ സൈനിക വിമാനം തകർന്നു വീണു. സംഭവത്തിൽ ഒരാൾ മരിക്കുകയും, രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹുബേ പ്രവിശ്യയിൽ രാവിലെയോടെയായിരുന്നു സംഭവം.
ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ജെ.7 യുദ്ധവിമാനം ആണ് തകർന്നത്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് രക്ഷപ്പെട്ടു. ഷാംഗ്ഹായിലെ ജനവാസ കേന്ദ്രത്തിലാണ് വിമാനം തകർന്ന് വീണത്. വിമാനത്തിന്റെ അവശിഷ്ടം വീണാണ് ഒരാൾ മരിച്ചത് എന്നാണ് റിപ്പോർട്ടുകൾ. വിമാനം വീണ പ്രദേശത്തെ നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു.
പൈലറ്റിനെയും പരിക്കേറ്റ രണ്ട് പേരെയും നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ചൈനീസ് പ്രതിരോധമന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ പരിശീലനത്തിനിടെ തകരുന്ന ചൈനയുടെ മൂന്നാമത്തെ സൈനിക വിമാനം ആണ് ജെ.7.