കയ്പമംഗലത്ത് ഭരണഘടനാ സാക്ഷരതാ പദ്ധതിക്ക് ഇന്ന് തുടക്കമാകും

തൃശൂർ: കയ്പമംഗലം മണ്ഡലത്തില്‍ ഭരണഘടനാ സാക്ഷരതാ പദ്ധതിയ്ക്ക് ഇന്ന് (ജനുവരി 26) തുടക്കമാകും. റിപ്പബ്ലിക് ദിനമായ ഇന്ന് രാവിലെ 8.30ന് ശാന്തിപുരം അബ്ദുറഹ്‌മാന്‍ സ്മാരക സ്‌കൂളില്‍ നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ് പദ്ധതിയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്ന പരിപാടിയില്‍ ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ, ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് എംഎസ് മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ജനുവരി 26 മുതല്‍ ഫെബ്രുവരി 26 വരെ ഒരു മാസക്കാലയളവില്‍ ഓണ്‍ലൈനായാണ് പഠന പരിപാടി നടത്തുക. എല്‍പി, യുപി വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വിഭാഗമായും ഹൈസ്‌കൂള്‍ - ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് മറ്റൊരു വിഭാഗമായുമാണ് സിലബസ് തയ്യാറാക്കിയിട്ടുള്ളത്. ഭരണഘടനയെക്കുറിച്ചും ഭരണഘടനയിലെ അവകാശങ്ങളെക്കുറിച്ചും കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും രാജ്യത്തെ നിയമനിര്‍മാണ ഭരണനിര്‍വഹണ നീതിന്യായ വിഭാഗങ്ങളെക്കുറിച്ചും ജനാധിപത്യ സംവിധാനങ്ങളെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് അവബോധമുണ്ടാക്കുക എന്നതാണ് ലക്ഷ്യം.

ഭരണഘടനാ പദ്ധതിയുടെ ചുമതലക്കായി ഒരു അധ്യാപികയെ കോര്‍ഡിനേറ്ററായി ചുമതലപ്പെടുത്തിയിട്ടുണ്ട്. 9745377786 എന്ന നമ്പറിലേക്ക് പങ്കെടുക്കുന്നയാളുടെ പേരും സ്‌കൂളിന്റെ പേരും വാട്സ്ആപ്പ് നമ്പറും അയക്കണം. പദ്ധതിയുടെ മണ്ഡലതല ഗ്രൂപ്പിലേക്ക് അവരെ ഉള്‍പ്പെടുത്തുന്നതാണ്. എല്ലാ ദിവസവും വൈകീട്ട് ഒരു ക്ലാസ് നോട്ട് അതിനെക്കുറിച്ച് വിശദീകരിക്കുന്ന വോയിസ് ക്ലിപ്പ് സഹിതം ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യും. അത് സ്‌കൂളിലെ അധ്യാപകരുടെ ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്യാം. ഈ നോട്ട് വായിച്ചും വോയിസ് കേട്ടും അതാതു ക്ലാസ് അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി വിശദീകരിച്ചു കൊടുക്കണം. അധ്യാപകര്‍ക്ക് നോട്ടുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുന്നതിനുള്ള ആര്‍.പിമാരുടെ പേരും നമ്പറുകളും ഗ്രൂപ്പിലൂടെ നല്‍കും. ഈ പദ്ധതി വിദ്യാലയത്തില്‍ നടപ്പിലാക്കിയതിന്റെ റിപ്പോര്‍ട്ട് ഫെബ്രുവരി അവസാനമാണ് സമര്‍പ്പിക്കേണ്ടത്.

ഏറ്റവും മികച്ച രീതിയില്‍ നടപ്പിലാക്കുന്ന വിദ്യാലയങ്ങള്‍ക്ക് ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ ഏര്‍പ്പെടുത്തിയ അവാര്‍ഡുകളും നല്‍കും. പദ്ധതി പൂര്‍ണമായും നടപ്പിലാക്കുക, മുഴുവന്‍ വിദ്യാലയങ്ങളുടെയും പങ്കാളിത്തം, പദ്ധതിയുടെ സംഘാടനം എന്നിവ ഉള്‍പ്പെടെയുള്ളവ കണക്കാക്കിയാണ് പുരസ്‌ക്കാരങ്ങള്‍ നല്‍കുന്നത്. ഫെബ്രുവരി 28ന് ഈ ക്ലാസുകള്‍ അടിസ്ഥാനമാക്കി മണ്ഡലതലത്തില്‍ ക്വിസ് മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് ഓരോ വിഭാഗത്തിലും സമ്മാനങ്ങള്‍ ഉണ്ടായിരിക്കും. ഇതിനു പുറമേ ഓണ്‍ലൈനായി വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ അറിയിക്കും.

Related Posts