പെരിന്തല്‍മണ്ണ മണ്ഡലത്തിലെ കാണാതായ വിവാദ വോട്ടുപെട്ടി കണ്ടെത്തി

മലപ്പുറം: പെരിന്തൽമണ്ണ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ വിവാദ വിഷയമായ വോട്ട് പെട്ടി കാണാനില്ലെന്ന വാർത്ത പുറത്ത് വന്നിരുന്നു. തർക്കത്തെ തുടർന്ന് എണ്ണാതെ കിടന്ന 348 സ്പെഷ്യൽ പോസ്റ്റൽ വോട്ടുകളുടെ പെട്ടികളിലൊന്നാണ് കാണാതായത്. പെരിന്തൽമണ്ണ ട്രഷറിയിലാണ് പെട്ടി സൂക്ഷിച്ചിരുന്നത്. ഇതിപ്പോൾ മലപ്പുറം ജില്ലാ സഹകരണ ജോയിന്റ് റജിസ്ട്രാറുടെ ഓഫീസിൽ നിന്ന് കണ്ടെത്തി. സംഭവത്തിൽ യുഡിഎഫ് എംഎൽഎ നജീബ് കാന്തപുരം അട്ടിമറി ആരോപണം ഉന്നയിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വെറും 38 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് പെരിന്തൽമണ്ണ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി നജീബ് കാന്തപുരം വിജയിച്ചത്. പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി 348 സ്പെഷ്യൽ പോസ്റ്റൽ വോട്ടുകൾ എണ്ണിയിട്ടില്ല. ഉദ്യോഗസ്ഥൻ ബാലറ്റ് കവറിൽ ഒപ്പിടാത്തതിനാലാണ് വോട്ടുകൾ എണ്ണാതിരുന്നത്. ഈ വോട്ടുകൾ അസാധുവാക്കിയതിനെതിരെ എതിർ സ്ഥാനാർത്ഥി കെ.പി.എം മുസ്തഫ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പെരിന്തൽമണ്ണ സബ് ട്രഷറിയിൽ സൂക്ഷിച്ചിരിക്കുന്ന സ്പെഷ്യൽ പോസ്റ്റൽ വോട്ടുകൾ ഹൈക്കോടതിയുടെ കസ്റ്റഡിയിലേക്ക് മാറ്റണമെന്ന മുസ്തഫയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു.

Related Posts