അധികാരം ആഭരണമല്ല, 'കാശിന് വോട്ട് ' തടയാൻ എന്ത് നടപടിയാണ് കൈക്കൊണ്ടതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് കോടതി

തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാർട്ടികൾ സൗജന്യങ്ങൾ പ്രഖ്യാപിച്ച് ജനങ്ങളെ വഞ്ചിക്കുന്നതിനെതിരെ എന്ത് നടപടിയാണ് കൈക്കൊണ്ടത് എന്ന് വ്യക്തമാക്കാൻ ഡൽഹി ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. പരാശർ നാരായൺ ശർമ എന്ന വ്യക്തി സമർപ്പിച്ച പൊതു താത്പര്യ ഹർജിയിലാണ് ജസ്റ്റിസുമാരായ ഡി എൻ പട്ടേലും ജ്യോതി സിങ്ങും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് തിരഞ്ഞെടുപ്പ് കമ്മിഷനെ അതിൻ്റെ ഉത്തരവാദിത്തങ്ങളെപ്പറ്റി ഓർമിപ്പിച്ചത്.

രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് കാലത്ത് പുറത്തിറക്കുന്ന പ്രകടന പത്രികയിൽ വമ്പൻ സൗജന്യങ്ങൾ വാഗ്ദാനം ചെയ്യാറുണ്ട്. എന്തെങ്കിലും തൊഴിലിനുള്ള പ്രതിഫലം എന്ന നിലയിലല്ലാതെ വെറുതെ പണം നൽകാം എന്ന തരത്തിലുള്ള വാഗ്ദാനങ്ങൾ തെറ്റായതും നിയമവിരുദ്ധവുമാണ്. അത് ജനങ്ങളുടെ വോട്ട് കൈക്കലാക്കാനുള്ള തന്ത്രമാണ്. സുബ്രഹ്മണ്യം ബാലാജിയും തമിഴ്നാടുമായുള്ള കേസിൽ അത്തരം നടപടികൾക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ തടയിടണം എന്ന കർശനമായ നിർദേശം സുപ്രീം കോടതി നൽകിയിട്ടുണ്ട്.

ഇക്കാര്യത്തിൽ കമ്മിഷൻ കൈക്കൊണ്ട നടപടികൾ എന്തെല്ലാമാണെന്ന് കോടതി ആരാഞ്ഞു. ഇത്തരം തെറ്റായ പ്രവണതകൾക്കെതിരെ വ്യക്തമായ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനു വേണ്ടി ഹാജരായ അഡ്വക്കറ്റ് അഞ്ജന ഗോസെയ്ൻ കോടതിയെ ബോധിപ്പിച്ചു. നോട്ടീസുകളും മാർഗനിർദേശങ്ങളുമല്ല മറിച്ച് ഇക്കാര്യത്തിൽ കമ്മിഷൻ കൈക്കൊണ്ട നടപടികളാണ് ബോധിപ്പിക്കേണ്ടത് എന്ന് കോടതി അഭിപ്രായപ്പെട്ടു.

1951 ലെ ജനപ്രാതിനിധ്യ നിയമം 123-ാം വകുപ്പിൻ്റെ ലംഘനമാണ് രാഷ്ടീയ പാർട്ടികളുടെ ഇത്തരം സൗജന്യ വാഗ്ദാനങ്ങൾ എന്ന് ഹർജിക്കാരൻ വാദിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ മാതൃകാ പെരുമാറ്റ ചട്ടത്തിൻ്റെ ലംഘനമാണ് പരക്കെ നടക്കുന്നത്. എന്നിട്ടും കമ്മിഷൻ അതിനെതിരെ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ല. അത്തരം വാഗ്ദാനങ്ങൾ നൽകുന്നത് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് പ്രഖ്യാപിക്കണം എന്നതാണ് ഹർജിയിലെ ആവശ്യം.

അധികാരം കേവലമായ ആഭരണമല്ലെന്ന് കോടതി തിരഞ്ഞെടുപ്പ് കമ്മിഷനെ ഓർമിപ്പിച്ചു. ജനങ്ങളുടെ ക്ഷേമത്തിനാണ് അധികാരം പ്രയോഗിക്കേണ്ടത്. ചില രാഷ്ട്രീയ പാർട്ടികൾ നിയമവിരുദ്ധമായി തെറ്റായ വാഗ്ദാനങ്ങൾ ഇപ്പോഴും നൽകുന്നുണ്ടെങ്കിൽ അതിനെതിരെ എന്ത് നടപടിയാണ് കമ്മിഷൻ കൈക്കൊണ്ടത് എന്നത് വ്യക്തമാക്കണം. ഇക്കാര്യത്തിൽ കർക്കശമായ നിർദേശം സുപ്രീം കോടതിനൽകിയിട്ടും യാതൊരു നടപടിയും കൈക്കൊള്ളാതെ അതിന്മേൽ അടയിരിക്കുകയാണ് കമ്മിഷനെന്ന് കോടതി കുറ്റപ്പെടുത്തി.

വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. സെപ്റ്റംബർ 24 ന് കേസ് വീണ്ടും പരിഗണിക്കും.

Related Posts