പിതാവിന് കരൾ പകുത്തു നൽകാൻ പ്രായപൂർത്തിയാവാത്ത മകന് അനുവാദം നൽകണമെന്ന് കോടതി
പിതാവിൻ്റെ ചികിത്സയ്ക്കായി കരൾ പകുത്ത് നൽകാൻ അനുവാദം നൽകണം എന്ന പ്രായപൂർത്തിയാവാത്ത മകൻ്റെ അപേക്ഷ അംഗീകരിക്കണമെന്ന് ഡൽഹി ഹൈക്കോടതി. പതിനേഴുകാരനായ മകനാണ് പിതാവിൻ്റെ ജീവൻ രക്ഷിക്കാൻ തൻ്റെ കരൾ പകുത്തു നൽകാൻ അനുവദിക്കണം എന്ന ആവശ്യമുന്നയിച്ച് കോടതിയെ സമീപിച്ചത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻ്റ് ബിലറി സയൻസസ് കുട്ടി മൈനറാണ് എന്ന കാരണം ചൂണ്ടിക്കാട്ടി അവയവദാനത്തിന് അനുമതി നിഷേധിച്ചിരുന്നു.
ആരോഗ്യപരമായ കാരണങ്ങളാൽ രോഗിയുടെ ഭാര്യയും മൂത്ത മകനും കരൾദാനത്തിന് അർഹരല്ലെന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടിരുന്നു. തുടർന്നാണ് പ്രായപൂർത്തിയാവാത്ത മകൻ അനുമതി തേടിയത്. മൈനറാണ് എന്ന കാരണത്താൽ കുട്ടിയുടെ അപേക്ഷയും നിരാകരിക്കപ്പെട്ടു. അതോടെയാണ് കോടതിയെ അഭയം പ്രാപിച്ചത്.
1994 ലെ അവയവം മാറ്റിവെയ്ക്കൽ നിയമം (ട്രാൻസ്പ്ലാൻ്റേഷൻ ഓഫ് ഹ്യൂമൺ ഓർഗൻസ് ആൻ്റ് ടിഷ്യൂസ് ആക്റ്റ് ) പ്രായപൂർത്തിയാവാത്തവരെ അവയവ ദാനത്തിന് അനുവദിക്കുന്നില്ലെങ്കിലും ഇക്കാര്യത്തിൽ മൈനോരിറ്റി സ്റ്റാറ്റസ് മാത്രം കണക്കിലെടുക്കാൻ കഴിയില്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്. അവയവദാനത്തിന് അർഹരും സന്നദ്ധരുമായ മറ്റാരും ഇല്ലാത്ത സാഹചര്യമാണ്. അത്തരം ഒരു സാഹചര്യത്തിൽ കൗമാരക്കാരൻ്റെ അപേക്ഷ പരിഗണിക്കണം. ഹർജിക്കാരന് 17 വയസ്സും 9 മാസവും പ്രായമുണ്ട്. ഇത്തരം ഒരു സാഹചര്യത്തിൽ മൈനോരിറ്റി സ്റ്റാറ്റസ് മാത്രം കണക്കിലെടുത്ത് രോഗിയെ മരണത്തിലേക്ക് തളളിവിടാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
പതിനെട്ടു വയസ്സ് കഴിഞ്ഞ ശാരീരികവും മാനസികവുമായ ആരോഗ്യമുള്ള ആർക്കും അവയവങ്ങൾ അടുത്ത ബന്ധുവിന് ചികിത്സയ്ക്കായി ദാനം ചെയ്യാം എന്നാണ് അവയവദാന നിയമം പറയുന്നത്. ഭാര്യ, മകൻ, മകൾ, അച്ഛൻ, അമ്മ, സഹോദരൻ, സഹോദരി, മുത്തച്ഛൻ, മുത്തശ്ശി, ചെറുമകൻ, ചെറുമകൾ എന്നിവരെയാണ് അടുത്ത ബന്ധുക്കളായി നിയമം അംഗീകരിക്കുന്നത്.