കാക്കയ്ക്ക് ഇനി ജോലി ചെയ്ത് ജീവിക്കാം! സിഗരറ്റ് കുറ്റികൾ പെറുക്കാൻ കാക്കകളെ നിയമിച്ച് സ്വീഡൻ, ഓരോ സിഗരറ്റ് കുറ്റിക്കും പകരമായി ഭക്ഷണം

കാക്കകൾക്ക് ഇനി ജോലി ചെയ്ത് ജീവിക്കാം, ആരുടെയും ഭക്ഷണം റാഞ്ചിയെടുക്കേണ്ട! സിഗരറ്റ് കുറ്റികൾ പെറുക്കാൻ കാക്കകളെ നിയമിച്ച് സ്വീഡൻ. സ്വീഡിഷ് സ്ഥാപനമായ കോര്‍വിഡ് ക്ലീനിങ് ആണ് തെരുവുകളില്‍ ഉപയോഗ ശേഷം വലിച്ചെറിപ്പെടുന്ന സിഗരറ്റ് കുറ്റികള്‍ ശേഖരിക്കാൻ കാക്കകളെ നിയമിച്ചത്. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് പൊതുവെ വൃത്തിക്കാരായ കാക്കകളെ ഇതിനായി തെരഞ്ഞെടുത്തത്. ശേഖരിക്കുന്ന ഓരോ സിഗരറ്റ് കുറ്റിക്കും പകരമായി കാക്കകള്‍ക്ക് ഭക്ഷണം നല്‍കും.

ന്യൂ കാലിഡോണിയന്‍ എന്ന കാക്ക വിഭാഗത്തില്‍പെടുന്നവയെയാണ് ജോലിയിൽ പങ്കാളികളാക്കുന്നത്. ബുദ്ധിശാലികളാണ് കാലിഡോണിയന്‍ കാക്കകളെന്ന് കോര്‍വിഡ് ക്ലീനിങ്ങിന്റെ സ്ഥാപകനായ ക്രിസ്റ്റ്യന്‍ ഗുന്തര്‍ ഹാന്‍സെന്‍ പറയുന്നു.

ഓരോ വര്‍ഷവും 100 കോടിയോളം സിഗരറ്റ് കുറ്റികളാണ്‌ സ്വീഡനിലെ തെരുവുകളില്‍ ഉപേക്ഷിച്ചനിലയിൽ കാണുന്നത്. എല്ലാ മാലിന്യങ്ങളുടെയും 62 ശതമാനത്തോളം വരും ഇത്. കാലിഡോണിയന്‍ കാക്കകൾ ബുദ്ധിശാലികളായതുകൊണ്ടുതന്നെ അബദ്ധത്തിൽ പോലും ചവറുകള്‍ ഭക്ഷിക്കാനുള്ള സാധ്യത നന്നേ കുറവാണ്. ശേഖരിക്കുന്ന സിഗരറ്റ് കുറ്റികൾ ഒരു ബെസ്‌പോക്ക് മെഷീനിലാണ് കാക്കകൾ നിക്ഷേപിക്കുക. ഒരു സ്റ്റാര്‍ട്ടപ്പ് രൂപകല്‍പന ചെയ്തതാണ് ഈ മെഷീൻ.

മനുഷ്യരെ ഉപയോഗിച്ചുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളെക്കാള്‍ ചെലവ് കുറവാണെന്നതാണ് കാക്കകളെ ഉപയോ​ഗിക്കുന്നതിന്റെ പ്രധാന കാരണം.

Related Posts