ഇൻ്റർനെറ്റിൽ വൈറലായി ഒരു സല്യൂട്ട്; അച്ഛനും മകൾക്കും ആശംസകൾ നേർന്ന് സൈബർ ലോകം
ഇൻ്റർനെറ്റിൽ വൈറലായി ഒരു സല്യൂട്ട്. പൊലീസ് പാസിങ്ങ് ഔട്ട് പരേഡിൽ അച്ഛനെ സല്യൂട്ട് ചെയ്യുന്ന മകളുടെ ചിത്രമാണ് സൈബർ ലോകം ഏറ്റെടുത്തത്. അഭിമാനിയായ പിതാവ് അഭിമാനിയായ പുത്രിയിൽ നിന്നും സല്യൂട്ട് സ്വീകരിക്കുന്നു എന്ന തലക്കെട്ടോടെ ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസാണ് ചിത്രം ട്വീറ്റ് ചെയ്തത്. ഉത്തർപ്രദേശിലെ മൊറാദാബാദിൽ ഡോ. ബി ആർ അംബേദ്കർ പൊലീസ് അക്കാദമിയിൽ നടന്ന പാസിങ്ങ് ഔട്ട് പരേഡിലാണ് അച്ഛൻ മകളിൽനിന്ന് സല്യൂട്ട് ഏറ്റുവാങ്ങിയത്.
അപേക്ഷ നിംബാഡിയ എന്ന വനിതാ പൊലീസ് ഓഫീസറാണ് ചിത്രത്തിൽ കാണുന്നത്. അവർ സല്യൂട്ട് ചെയ്യുന്നത് പിതാവും ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിൽ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലുമായ എ പി എസ് നിംബാഡിയ എന്ന പൊലീസ് ഓഫീസറെയാണ്. അപേക്ഷ അടുത്തുതന്നെ ഉത്തർപ്രദേശ് പൊലീസിൽ ഡെപ്യൂട്ടി സൂപ്രണ്ടായി ചുമതലയേൽക്കും. നിംബാഡിയ കുടുംബത്തിൽ പൊലീസിൽ സേവനമനുഷ്ഠിക്കുന്ന മൂന്നാം തലമുറയാണ് അപേക്ഷയുടേത്. 1962-ൽ ചൈനയുമായുള്ള യുദ്ധത്തിനുശേഷം രൂപം കൊടുത്ത അഞ്ച് കേന്ദ്ര സായുധ സേനാ വിഭാഗങ്ങളിൽ ഒന്നാണ് ഐടിബിപി