22-O2-2022 രണ്ടിൻ്റെ അയ്യരുകളിയെ ആഘോഷമാക്കി ഇൻ്റർനെറ്റ്
ഹാപ്പി ടൂസ് ഡേ...
ഹാപ്പി പാലിൻഡ്രോം ഡേ...
ഹാപ്പി റ്റ്യൂസ് ഡേ...
എന്തെല്ലാം പ്രത്യേകതകളാണ് ഇന്നത്തെ ദിവസത്തിനുള്ളത് !!
അക്കങ്ങളുടെ അത്യപൂർവമായ ഒരു ഒത്തുചേരലിനെ ആഘോഷമാക്കി മാറ്റുകയാണ് സൈബർ ലോകം. പാലിൻഡ്രോം ദിനത്തെ കുറിച്ചുള്ള പോസ്റ്റുകളാണ് ഇന്റർനെറ്റിൽ ഇന്ന് ട്രെൻഡ് ചെയ്യുന്നത്. മുന്നോട്ടും പിന്നോട്ടും ഒരേ രീതിയിൽ വായിക്കാൻ കഴിയുന്ന വാക്കുകളെയാണ് പാലിൻഡ്രോം എന്ന് വിളിക്കുന്നത്. ഉദാഹരണത്തിന് MALAYALAM. മുന്നിൽ നിന്നും പിന്നിൽ നിന്നും ഒരേ രീതിയിൽ വായിക്കാം. തീയതിയും അതേ മട്ടിൽ വായിക്കാൻ കഴിയുമ്പോൾ അവ പാലിൻഡ്രോമുകൾക്ക് സമാനമാകുന്നു.
22022022 പാലിൻഡ്രോം തീയതിയാണെന്ന് നിരവധി പേർ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ന് ടൂസ് ഡേ ആണെന്നും, അതിനപ്പുറം ഇന്നൊരു റ്റ്യൂസ് ഡേ കൂടി ആണെന്നും ഓർമപ്പെടുത്തുന്നവരും ഉണ്ട്.
രണ്ടിൻ്റെ ഈ അയ്യരുകളി ഒരു ആംബിഗ്രാം ആണെന്ന് ചിലർ ചൂണ്ടിക്കാണിക്കുന്നു. വ്യത്യസ്ത തരത്തിൽ വ്യാഖ്യാനിക്കാൻ കഴിയുന്ന കാലിഗ്രാഫി ഡിസൈനുകൾ ആണ് ആംബിഗ്രാമുകൾ. ഇവ മുകളിൽ നിന്ന് താഴേക്കും താഴെ നിന്ന് മുകളിലേക്കും ഒരേ തരത്തിൽ വായിക്കാൻ കഴിയും.
അമേരിക്കൻ രീതിയിൽ ഇന്നത്തെ തീയതി എഴുതുന്നത് 2-22-22 എന്നാണ്. ഇതേ മട്ടിൽ എഴുതിയാൽ ഈയാഴ്ച മുഴുവൻ പാലിൻഡ്രോം ദിനങ്ങൾ ആകും. 2-23-22, 2-24-22 എന്നിങ്ങനെ. അതിനാൽ ആ വിധത്തിൽ നോക്കിയാൽ ഇതൊരു പാലിൻഡ്രോം വീക്ക് ആണെന്ന് ചിലർ പറയുന്നു.