വ്രതശുദ്ധിയുടെ നാളുകൾ തുടങ്ങുന്നു; കേരളത്തില്‍ ഇന്ന് റമദാൻ വ്രതാരംഭം
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് റമദാൻ വ്രതാരംഭം. അടുത്ത ഒരു മാസത്തേക്ക് ഇസ്ലാം മതവിശ്വാസികള്‍ക്ക് വ്രതശുദ്ധിയുടെ ദിനങ്ങൾ. ഭക്ഷണവും പാനീയങ്ങളും ഉപേക്ഷിച്ച് പ്രാർത്ഥനയിൽ മുഴുകിയാകും മതവിശ്വാസികള്‍ക്ക് ഇനിയുള്ള ഒരു മാസം. അടുത്ത 30 ദിവസങ്ങൾ വിശുദ്ധിയുടെയും മതസൗഹാർദ്ദത്തിന്‍റെയും കൂട്ടായ്മയുടെയും കാലം കൂടിയാണ്. ഗൾഫ് രാജ്യങ്ങളിൽ റമദാൻ മാസം വ്യാഴാഴ്ച ആരംഭിക്കും. ഇന്നലെ എവിടെയും മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടര്‍ന്ന് റമദാൻ നോമ്പ് വ്യാഴാഴ്ച ആരംഭിക്കുമെന്ന് ഗൾഫ് രാജ്യങ്ങൾ അറിയിച്ചു. സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്റൈൻ എന്നീ രാജ്യങ്ങളാണ് റമദാൻ നോമ്പ് വ്യാഴാഴ്ച ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഒമാൻ ഒരു അറിയിപ്പും നൽകിയിട്ടില്ല. ഒമാന്‍റെ കാര്യത്തിലും ഉടൻ തീരുമാനമുണ്ടാകുമെന്ന് വ്യക്തമാണ്. ചൊവ്വാഴ്ച സൗദി അറേബ്യയിൽ ഒരിടത്തും റമദാൻ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ റമദാൻ നോമ്പ് വ്യാഴാഴ്ചയായിരിക്കുമെന്ന് തുമൈറിലെയും സുദൈറിലെയും മാസപ്പിറവി സമിതി അറിയിച്ചു. റമദാന് മുമ്പുള്ള അറബി മാസമായ ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കിയാണ് വ്യാഴാഴ്ച റമദാന്‍ മാസാരംഭം കുറിക്കുക.