ഇടുക്കിയിൽ പൊള്ളലേറ്റ് മരിച്ച വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് സംശയം
ഇടുക്കി: നാരകക്കാനത്ത് വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സംശയം. നാരകക്കാനം കുമ്പിടിയാമ്മാക്കല്‍ ചിന്നമ്മ ആന്‍റണിയുടെ മരണത്തിലാണ് കൊലപാതകത്തിന്‍റെ സൂചനകൾ പുറത്തുവന്നത്. അതേസമയം, പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ചിന്നമ്മയെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപടര്‍ന്ന് പൊള്ളലേറ്റെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ, വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് മറ്റ് ചില സംശയങ്ങൾ ഉയർന്നത്. ചിന്നമ്മ ധരിച്ചിരുന്ന ആഭരണങ്ങൾ കാണാനില്ലെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു. മാത്രമല്ല, വീടിന്‍റെ ചില ഭാഗങ്ങളിൽ രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. വീടിന്‍റെ മറ്റൊരു ഭാഗത്ത് വസ്ത്രങ്ങൾ കത്തിയ നിലയിൽ കണ്ടെത്തിയതും സംശയം ജനിപ്പിച്ചു.