ലോകാരോഗ്യ സംഘടനയുടെ തീരുമാനം ഇന്നുണ്ടായേക്കും, കോവാക്സിൻ അംഗീകരിച്ച രാഷ്ട്രങ്ങൾ ഇവയാണ്
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന് അടിയന്തര ഉപയോഗ അനുമതി നൽകുന്നതു സംബന്ധിച്ച ലോകാരോഗ്യ സംഘടനയുടെ തീരുമാനത്തിനായി രാജ്യം കാത്തിരിക്കുകയാണ്. ഇന്ന് ചേരുന്ന ഡബ്ല്യു എച്ച് ഒ ടെക്നിക്കൽ കമ്മിറ്റിയിൽ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബർ 26-ന് ചേർന്ന സമിതി വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്കിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടിയിരുന്നു.
ഡബ്ല്യു എച്ച് ഒ അനുമതി ലഭിച്ചിട്ടില്ലെങ്കിലും നിലവിൽ ഒരു ഡസനിലേറെ രാജ്യങ്ങൾ കോവാക്സിന് അംഗീകാരം നൽകിയിട്ടുണ്ട്. ഒമാൻ, ശ്രീലങ്ക, എസ്റ്റോണിയ, ഗ്രീസ്, ഗുയാന, ഇറാൻ, മൗറീഷ്യസ്, മെക്സിക്കോ, നേപ്പാൾ, പരാഗ്വേ, ഫിലിപ്പൈൻസ്, സിംബാബ് വെ, ആസ്ത്രേലിയ എന്നീ രാജ്യങ്ങളാണ് ഇതുവരെ കോവാക്സിൻ അംഗീകരിച്ചിട്ടുള്ളത്. യു എസ്, യു കെ, യൂറോപ്യൻ യൂണിയൻ എന്നിവയുടെ അംഗീകാരം ലഭിക്കാത്തതു മൂലം ഒട്ടേറെ യാത്രക്കാർ പ്രയാസം അനുഭവിക്കുന്നുണ്ട്. ലക്ഷണങ്ങളോടു കൂടിയ കൊവിഡ്- 19 വൈറസിൽ നിന്ന് 77.8 ശതമാനം ഫലപ്രാപ്തിയും പുതിയ ഡൽറ്റ വകഭേദത്തിൽ നിന്ന് 65.2 ശതമാനം ഫലപ്രാപ്തിയുമാണ് കോവാക്സിൻ ഉറപ്പു നൽകുന്നത്.