കെഎസ്ആർടിസി ഉൾപ്പെടെ 12 ബസുകളുടെ ഫിറ്റ്നസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി
പാലക്കാട്: വടക്കഞ്ചേരി അപകടത്തെ തുടർന്ന് നടത്തുന്ന വ്യാപക പരിശോധനയിൽ 10 ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെ 12 ബസുകളുടെ ഫിറ്റ്നസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. കെഎസ്ആർടിസി ബസും സ്വകാര്യ ബസും നിയമ നടപടി നേരിട്ടവയിൽ ഉൾപ്പെടുന്നു. അഞ്ച് ദിവസം നീണ്ട പരിശോധനയിലാണ് 12 ബസുകളിൽ കൃത്രിമം കാണിച്ചതായി കണ്ടെത്തിയത്. 321 ബസുകളിൽ ലൈറ്റ്, ശബ്ദം തുടങ്ങിയ അധിക ഫിറ്റിംഗുകൾ കണ്ടെത്തി. നിയമം ലംഘിച്ചതിന് 398 ബസുകൾക്കെതിരെ കേസെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തു. അതേസമയം, ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റണമെന്ന ആവശ്യം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ടൂറിസ്റ്റ് ബസ് ഉടമകൾ ഗതാഗത മന്ത്രിയെ കാണും. നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസുകൾക്കെതിരെ സംസ്ഥാനത്ത് ഇന്ന് മുതൽ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമങ്ങൾ ലംഘിക്കുന്ന ബസുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ സസ്പെൻഡ് ചെയ്യണമെന്ന് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. ഇന്ന് മുതൽ ഇത്തരം ബസുകൾ നിരത്തിലിറക്കരുതെന്നും കോടതി ഉത്തരവിട്ടിരുന്നു. നിയമം ലംഘിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് ഉടൻ സസ്പെൻഡ് ചെയ്യാൻ കോടതി മോട്ടോർ വാഹന വകുപ്പിന് ഇടക്കാല ഉത്തരവിൽ നിർദ്ദേശം നൽകി. അനധികൃത ശബ്ദസംവിധാനങ്ങളുള്ള വാഹനങ്ങളിൽ പിക്നിക് നടത്തിയാൽ വിദ്യാഭ്യാസ സ്ഥാപന മേധാവിക്കെതിരെയും നടപടിയുണ്ടാകും. നിയമവിരുദ്ധമായ ശബ്ദ സംവിധാനങ്ങൾ, ലൈറ്റുകൾ, ഗ്രാഫിക്സ് സുരക്ഷാ മാനദണ്ഡം ലംഘിച്ചുള്ള കൂട്ടിച്ചേർക്കലുകൾ എന്നിവ നടത്തിയ വാഹനങ്ങൾ പിടിച്ചെടുക്കാൻ ഇന്ന് മുതൽ പരിശോധന കർശനമായിരിക്കും.