ഗുരുവായൂരിൽ ദർശനത്തിനായി ക്യൂ നിന്ന ഭക്തനെ എലി കടിച്ചു; ഹൈക്കോടതി സ്വമേധയാ കേസെടുത്തു
കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനു ക്യൂ നിന്ന ഭക്തനെ എലി കടിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത് കുമാറും ഉൾപ്പെട്ട ദേവസ്വം ബെഞ്ചാണ് കേസെടുത്തത്. വിശദീകരണത്തിന് ഗുരുവായൂർ ദേവസ്വം മാനേജിങ് കമ്മിറ്റി സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് വിഷയം വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. ഭക്തർക്ക് സുരക്ഷിതമായ ദർശനം ഒരുക്കുക എന്നത് ദേവസ്വം മാനേജിങ് ചുമതലയാണെന്ന് കോടതി ഓർമിപ്പിച്ചു. മാധ്യമ വാർത്തയെ തുടർന്നാണ് കോടതി കേസെടുത്തത്.