തൃപ്രയാറിലെ ഫ്‌ളൈ ഓവര്‍ പ്രവൃത്തി പുരോഗതി ജില്ലാ കലക്ടര്‍ പരിശോധിച്ചു; സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം
ദേശീയ പാത 66ലെ തളിക്കുളം- കൊടുങ്ങല്ലൂര്‍ റീച്ചിലെ തൃപ്രയാര്‍ ബൈപ്പാസില്‍ നിര്‍മിക്കുന്ന ഫ്‌ളൈ ഓവറിന്റെ പ്രവൃത്തികള്‍ ജില്ലാ കലക്ടര്‍ കൃഷ്ണതേജ നേരിട്ട് സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തി. 65 മീറ്റര്‍ നീളമുള്ള ഫ്‌ളൈ ഓവറിന്റെ പൈലിംഗ് പ്രവൃത്തികള്‍ ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. സ്പാനുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികള്‍ പുരോഗമിച്ചുവരികയാണ്. ഫ്‌ളൈ ഓവര്‍ പ്രദേശം ഉള്‍പ്പെടെ 3.7 കിലോമീറ്റര്‍ നീളമുള്ള ബൈപ്പാസിന്റെ ഭൂമി നിരപ്പാക്കുന്ന പ്രവൃത്തികളും നേരത്തേ പൂര്‍ത്തീകരിച്ചിരുന്നു.
ബൈപ്പാസിന്റെയും ഫ്‌ളൈ ഓവറിന്റെയും നിര്‍മാണം സമയബന്ധിതമായും മികച്ച രീതിയിലും പൂര്‍ത്തീകരിക്കാന്‍ ദേശീയപാത അതോറിറ്റിക്കും കരാറുകാര്‍ക്കും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ബൈപ്പാസിനായി ഏറ്റെടുത്ത ഭൂമിയിലുണ്ടായിരുന്ന 16,668 കെട്ടിടങ്ങളില്‍ ഇനി പൊളിച്ചുമാറ്റാന്‍ ബാക്കിയുള്ള 44 കെട്ടിടങ്ങള്‍ കൂടി പൊളിച്ചനീക്കുന്ന പ്രവൃത്തികള്‍ വേഗത്തിലാക്കാനും ജില്ലാ കലക്ടര്‍ ദേശീയപാത വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ജില്ലാ കലക്ടര്‍ക്കൊപ്പം ദേശീയപാത വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി അഖില്‍, ദേശീയപാത അതോറിറ്റി ലെയ്‌സണ്‍ ഓഫീസര്‍ കെ ബി ബാബു, കരാര്‍ കമ്പനി പ്രതിനിധി ശ്രീനിവാസ് തുടങ്ങിയവരും ഉണ്ടായിരുന്നു.