കരുതലോടെ മുന്നോട്ട് ജില്ലാതല ഉദ്ഘാടനം നടന്നു
സ്‌കൂൾ തുറക്കുമ്പോൾ വിദ്യാർത്ഥികൾക്ക് പ്രതിരോധമൊരുക്കാൻ ‘കരുതലോടെ മുന്നോട്ട്' പദ്ധതിയിലൂടെ ഹോമിയോപ്പതി വകുപ്പിന്റെ ഇമ്യൂണിറ്റി ബൂസ്റ്റർ വിതരണത്തിന്റെ (എച്ഐബി) ജില്ലാതല ഉദ്ഘാടനം നടന്നു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ വി വല്ലഭൻ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. കോർപ്പറേഷൻ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി കെ ഷാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ എം എസ് നൗഷാദ് മുഖ്യാതിഥിയായി.
ജില്ലയിലെ എല്ലാ ഹോമിയോ ഡിസ്‌പെൻസറികളിലും എച്ഐബി വിതരണവുമായി ബന്ധപ്പെട്ട് പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ വിദ്യാർത്ഥികൾക്ക് എച്ഐബി വിതരണം ചെയ്ത് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനാണ് പദ്ധതി കൊണ്ട് വിഭാവനം ചെയ്യുന്നത്.
ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് കെ കെ ബിന്ദു, ആർ എം ഒ നിധിൻ പോൾ, ഡോ.ഹെജി ജോർജ്, ഡോ കിരൺ ആന്റണി, ഫാർമസിസ്റ്റ് എം എസ് ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
*ഇമ്മ്യുൺ ബൂസ്റ്ററിനായി ഓൺലൈൻ രജിസ്ട്രേഷൻ
ഹോമിയോ ഇമ്മ്യുൺ ബൂസ്റ്ററിനായി https://ahims.kerala.gov.inഎന്ന വെബ്സൈറ്റ് വഴി ഓൺലൈനായിട്ടാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഈ സൈറ്റ് തുറക്കുമ്പോൾ തന്നെ ഇടത് വശത്തായി കാണുന്ന
ഹോമിയോപ്പതി ഇമ്മ്യൂണിറ്റി ബൂസ്റ്റർ സൈൻഅപ്പ് എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുക. ശേഷം വരുന്ന ലോഗിൻ പേജിൽ മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് മൊബൈൽ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് സൈൻ ഇൻ ചെയ്യാം. മെയിൽ ഐഡിയും മറ്റ് വിവരങ്ങളും ഇവിടെ ചേർക്കേണ്ടതുണ്ട്. ആദ്യമായി രജിസ്റ്റർ ചെയ്യുന്നവർക്കായി ന്യൂ രജിസ്ട്രേഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷൻ ഉറപ്പാക്കിയതിന് ശേഷം വരുന്ന ഹോമിയോപ്പതിയുടെ പേജിൽ ആഡ് ഓർ എഡിറ്റ് സ്റ്റുഡന്റ് ബട്ടൺ ക്ലിക്ക് ചെയ്യുക. തുടർന്ന് വിദ്യാർത്ഥിയുടെ പേര്, ജനന തിയതി, ആധാർ നമ്പർ, സ്കൂളിന്റെ പേര്, സിലബസ്, ക്ലാസ്, ഡിവിഷൻ തുടങ്ങിയ വിവരങ്ങൾ നൽകുക.
രജിസ്റ്റർ ചെയ്ത കുട്ടികൾക്ക് ഇമ്മ്യുൺ ബൂസ്റ്റർ ഷെഡ്യൂൾ ചെയ്യുന്നതിന് ശേഷം വരുന്ന സമ്മത പത്രം വായിച്ചു നോക്കി ടിക് മാർക്ക് ചെയ്ത് സെലക്ട് സെന്റർ പോയിന്റ് ക്ലിക്ക് ചെയ്യുക. തുടർന്ന് ജില്ല തിരഞ്ഞെടുത്ത്
ഏത് എൽ എസ് ജി ഡി, ഹോമിയോപ്പതി സെന്റർ, ആവശ്യമായ തിയതി എന്നിവ തിരഞ്ഞെടുത്ത് സ്ലോട്ട് ബുക്ക് ചെയ്യുക. അപ്പോൾ തന്നെ കോൺഫോർമേഷൻ മെസ്സേജ് വരുന്നു. ഏറ്റവും മുകളിലായി ചുവന്ന നിറത്തിൽ കാണുന്നതാണ് ടോക്കൻ നമ്പർ.ഈ നമ്പറുമായിട്ടാണ് മരുന്ന് വാങ്ങാനായി പോകേണ്ടത്.
പൊതുജനങ്ങൾക്ക് ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 1800 599 2011 എന്ന നമ്പറിൽ രാവിലെ എട്ട് മുതൽ വൈകുന്നേരം ആറ് വരെ വിളിക്കാം.
* മരുന്ന് വാങ്ങാൻ കിയോസ്‌ക്കുകൾ സജ്ജം
ഇമ്മ്യുൺ ബൂസ്റ്ററിനായി ഓൺലൈൻ ബുക്ക് ചെയ്തവർക്ക് മരുന്ന് വാങ്ങുന്നതിനായി പ്രത്യേകം കിയോസ്‌ക്കുകൾ ജില്ലയിൽ സജ്ജമാക്കിയിട്ടുണ്ട്. ജില്ലയിലെ മുഴുവൻ സർക്കാർ ഹോമിയോ ഡിസ്‌പെൻസറികളിലും പ്രതിരോധ മരുന്ന് ലഭിക്കും. കൂടാതെ പതിമൂന്ന് സ്ഥലങ്ങളിലാണ് കിയോസ്‌ക്കുകൾ സ്ഥാപിച്ചിട്ടുള്ളത്. ഓൺലൈൻ രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ മരുന്ന് വാങ്ങുന്നതിനുള്ള സ്ഥലവും തിരഞ്ഞെടുക്കാം. സെന്റ് സെബാസ്റ്റ്യൻ ഹൈ സ്കൂൾ ചിറ്റാറ്റുകര, ഒഎൽഎഫ് ജി എച് എസ് മതിലകം, ഫാമിലി ഹെൽത്ത് സെന്റർ അണ്ടത്തോട്, ഗവ വെൽഫയർ എൽ പി സ്കൂൾ എലവത്തൂർ, എഎൽപിഎസ് വേളൂപാടം, അലീമുൾ ഇസ്ലാം ഹൈ സ്കൂൾ പടൂർ, അന്തിക്കാട് ഹൈ സ്കൂൾ, ജില്ലാ ഹോമിയോ ആശുപത്രി, ഗവ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ കൊടുങ്ങല്ലൂർ, ഗവ എൽ പി സ്കൂൾ കേച്ചേരി, ഗവ മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ചാലക്കുടി, ഗവ ഹയർ സെക്കന്ററി സ്കൂൾ വി ആർ പുരം, കെ ഇ സി യു പി സ്കൂൾ പോട്ട എന്നിവിടങ്ങളിലാണ് അഡിഷണൽ കിയോസ്‌ക്കുകൾ സ്ഥാപിച്ചിട്ടുള്ളത്.