നായ നിരന്തരം കുരച്ച് ശല്യം ചെയ്തു; ഉടമയെ ഇരുമ്പുവടികൊണ്ട് തലക്കടിച്ച് കൊന്ന് കൗമാരക്കാരൻ

നായ നിരന്തരം കുരച്ച് ശല്യം ചെയ്തതിന് നായയുടെ ഉടമയായ വൃദ്ധനെ കൊന്ന് കൗമാരക്കാരൻ. ഡൽഹിയിലെ നസഫ്ഗാറിലാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം അരങ്ങേറിയത്. 85 വയസ്സ് പ്രായമുള്ള അശോക് കുമാറാണ് കൊല ചെയ്യപ്പെട്ടത്.
കഴിഞ്ഞ വെള്ളിയാഴ്ച നസഫ്ഗാറിലെ നംഗ്ലി ഡയറി പ്രദേശത്തുള്ള വീട്ടിൽ അശോക് കുമാറിന്റെ മുന്നിലിട്ട് പ്രതി നായയെ ക്രൂരമായി മർദിച്ചിരുന്നു. അതിനെത്തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് പ്രതി ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയായിരുന്നു.
വീട്ടിൽ കയറി നായയെ ആക്രമിച്ചപ്പോൾ തന്റെ ഭർത്താവ് അതിനെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് കൊല്ലപ്പെട്ട വൃദ്ധൻ്റെ ഭാര്യ മീന പൊലീസിനോട് പറഞ്ഞു. സംഭവത്തിനു ശേഷം ഒളിവിൽ പോയ കൗമാരക്കാരനു വേണ്ടി ഊർജിതമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.