മഞ്ഞുമൂടിയ മലനിരകളിൽ അതിർത്തി കാക്കുന്ന സൈനികർക്കായി ചൂട് പകരുന്ന വസ്ത്രങ്ങൾ രൂപകൽപന ചെയ്ത് ഡി ആർ ഡി ഒ
ഹിമാലയത്തിലെ മഞ്ഞുമൂടിയ മലനിരകളിൽ പാകിസ്താൻ, ചൈന അതിർത്തികളിൽ സേവനമനുഷ്ഠിക്കുന്ന സൈനികർക്കായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രത്യേകതരം വസ്ത്രങ്ങൾ രൂപകൽപന ചെയ്ത് ഇന്ത്യൻ പ്രതിരോധ ഗവേഷണ വിഭാഗം. ഡിഫൻസ് റിസർച് ആൻ്റ് ഡവലപ്മെൻ്റ് ഓർഗനൈസേഷൻ (ഡി ആർ ഡി ഒ) ആണ് പൂജ്യത്തിന് താഴെയുള്ള താപനിലയിൽ പോലും ചൂട് പകരുന്ന വസ്ത്രങ്ങൾ നൂതനമായ സാങ്കേതികവിദ്യ ഉപയോഗിച്ച് രൂപകൽപന ചെയ്തത്.
അഞ്ച് ആഭ്യന്തര കമ്പനികൾക്കാണ് എക്സ്ട്രീം കോൾഡ് വെതർ ക്ലോത്തിങ്ങ് സിസ്റ്റംസ് (ഇ സി ഡബ്ല്യു സി എസ്) എന്നറിയപ്പെടുന്ന ഇത്തരം വസ്ത്രങ്ങൾ നിർമിക്കാനുള്ള സാങ്കേതികവിദ്യ കൈമാറിയിരിക്കുന്നത്.
സിയാച്ചിൻ മഞ്ഞുമലകളിൽ അടക്കം വിന്യസിച്ചിരിക്കുന്ന സൈനികർക്കായുള്ള അതിശീത കാലാവസ്ഥാ വസ്ത്രങ്ങളും പർവതാരോഹണ ഉപകരണങ്ങളും (എസ് സി എം ഇ) ഇതേവരെ ഇറക്കുമതി ചെയ്യാറാണ് പതിവ്.
കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ സൈന്യവും ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയും (പി എൽ എ) തമ്മിൽ സംഘർഷങ്ങൾ ഉടലെടുത്ത സമയത്ത് യഥാർഥ നിയന്ത്രണ രേഖയിൽ വിന്യസിച്ചിരിക്കുന്ന സൈനികർക്കായി അമേരിക്കയിൽ നിന്നാണ് ഇ സി ഡബ്ല്യു സി എസ് അടിയന്തരമായി ഇറക്കുമതി ചെയ്തത്.