സ്കൂൾ ബസിൽ നിന്നു വിദ്യാർഥി റോഡിൽ വീണ സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ
ആലുവ: എൽ.കെ.ജി വിദ്യാർത്ഥി സ്കൂൾ ബസിന്‍റെ എമർജൻസി വാതിലിലൂടെ റോഡിലേക്ക് വീണ സംഭവത്തിൽ എടത്തല പേങ്ങാട്ടുശേരി അൽഹിന്ദ് പബ്ലിക് സ്‌കൂളിലെ ബസ് ഡ്രൈവർ നാലാംമൈൽ പാറേക്കാട്ടിൽ അനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. മോട്ടർ വാഹന വകുപ്പ് അനീഷിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും വാഹനത്തിന്റെ ഫിറ്റ്നസ് റദ്ദാക്കാനും നടപടി ആരംഭിച്ചു. ബാലാവകാശ കമ്മിഷൻ കേസെടുത്തു. സംഭവത്തിൽ കളക്ടറും വിദ്യാഭ്യാസ ഉപഡയറക്ടറും പൊലീസിനോട് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ട് പേങ്ങാട്ടുശേരി ജംഗ്ഷനിലാണ് സംഭവം. ചുണങ്ങംവേലി ആശാരിക്കുടി എ.എം.യൂസഫിന്‍റെ മകൾ ഹൈസ ഫാത്തിമയാണ് വീണത്. എമർജൻസി ഡോർ ശരിയായി ഉറപ്പിക്കാതിരുന്നതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. എതിർദിശയിൽ നിന്ന് വന്ന ബസ് പെട്ടെന്ന് നിർത്തിയതിനാൽ അപകടം കൂടുതൽ ഗുരുതരമല്ലാതായി. ബസിലുണ്ടായിരുന്നവരോ സ്കൂൾ അധികൃതരോ പരിക്കേറ്റ കുട്ടിക്ക് യഥാസമയം ചികിത്സ നൽകിയില്ലെന്നും പിതാവിന്‍റെ പരാതിയിൽ പറയുന്നു. വീട്ടിലെത്തിയ ശേഷം ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് മാതാപിതാക്കൾ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 61 കുട്ടികളുമായി 42 സീറ്റുള്ള ബസാണ് അപകടത്തിൽ പെട്ടതെന്ന് ജോയിന്‍റ് ആർടിഒ ബി ഷഫീഖിന്‍റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. എമർജൻസി വാതിലിനരികിൽ ഇരിക്കുകയായിരുന്ന രണ്ട് കുട്ടികളിൽ ഒരാളാണു വീണത്.