എട്ടാം ക്ലാസ് അധ്യയനം ഇന്ന് മുതല്‍ ആരംഭിക്കും
സംസ്ഥാനത്ത് എട്ടാം ക്ലാസ് അധ്യയനം ഇന്ന് മുതല്‍ ആരംഭിക്കും. നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വെ ഈ മാസം 12 ന് നടക്കുന്നത് കണക്കിലെടുത്താണ് 15നു തുടങ്ങാൻ തീരുമാനിച്ച ക്ലാസുകള്‍ നേരത്തെ തുടങ്ങുന്നത്. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടായിരിക്കും ക്‌ളാസ്സുകൾ നടത്തുക. ബാച്ചുകളായി തിരിച്ച് ഉച്ചവരെയായിരിക്കും ക്ലാസുകള്‍.
ഒന്നുമുതല്‍ ഏഴ് വരെയും പത്തും ക്ലാസുകള്‍ നവംബര്‍ ഒന്നിന് ആരംഭിച്ചിരുന്നു. ഒന്‍പത്, പ്ലസ് വണ്‍ ക്ലാസുകള്‍ മുൻ നിശ്ചയിച്ച പ്രകാരം പതിനഞ്ചിന് തുടങ്ങും. കൊവിഡ് മാനദണ്ഡം പാലിച്ച് ഉച്ചവരെയാണ് നിലവിൽ ക്‌ളാസ് നടത്താൻ നിശ്ചയിച്ചിട്ടുള്ളത്. ഘട്ടംഘട്ടമായി സ്‌കൂള്‍ സാധാരണ നിലയിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആദ്യഘട്ടത്തില്‍ പഠിപ്പിക്കുന്നത് ഒഴിവാക്കിയിരുന്നു. ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം തുറന്ന സ്കൂൾ കുട്ടികൾക്കും അധ്യാപകർക്കും ആശ്വാസകരമാണ്
ഒരു ക്ലാസിനെ രണ്ടായി വിഭജിച്ച് കുട്ടികൾ ഒരുമിച്ചെത്തുന്നത് ഒഴിവാക്കിയാണ് ക്ലാസുകൾ നടത്തുന്നത്. ഒരോ ബാച്ചിനും തുടർച്ചയായ മൂന്ന് ദിവസം ക്ലാസ്. അടുത്ത ബാച്ചിന് അടുത്ത മൂന്ന് ദിവസം ക്ലാസ്. ഓരോ ഗ്രൂപ്പിനെയും ബയോബബിളായി കണക്കാക്കിയാണ് പഠനം. കുട്ടികളെ കൊണ്ട് വരുന്ന രക്ഷിതാക്കളെ സ്കൂളിൽ പ്രവേശിപ്പിക്കുന്നില്ല. ഉച്ചഭക്ഷണം കൊവിഡ് പ്രോട്ടോക്കാൾ പാലിച്ചായിരിക്കണം. ആദ്യരണ്ടാഴ്ചക്ക് ശേഷം ക്ലാസിലെത്തേണ്ട കുട്ടികളുടെ എണ്ണം, ഷിഫ്റ്റ് എന്നിവയിലടക്കമുള്ള മാറ്റമുണ്ടാകും.