ഐ എസ് എൽ എട്ടാം സീസണ് ഇന്ന് തുടക്കം

ഐ എസ് എൽ ഫുട്ബോൾ എട്ടാം സീസൺ ഇന്ന് ആരംഭിക്കും . രാത്രി 7:30 ന് ഗോവ ഫറ്റോർദയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ എ.ടി.കെ മോഹൻ ബഗാനെ കേരളാ ബ്ലാസ്റ്റേഴ്സ് നേരിടും .ഇന്ന് നടക്കുന്ന മത്സരം ഐഎസ്എൽ ആരാധകർക്ക് വലിയൊരു കാഴ്ചാനുഭവമായിരിക്കും.

മൂന്ന് തവണ ചാമ്പ്യന്മാരായതിന്റെ ആത്മവിശ്വാസത്തിൽ എടികെ മോഹന്‍ ബഗാന്‍ വരുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ആദ്യ കിരീടം ലക്ഷ്യമിട്ടിറങ്ങുന്നു . രണ്ട് തവണ ഐഎസ്എല്‍ ഫൈനലിലെത്തിയപ്പോഴും കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയ കൊല്‍ക്കത്ത എതിരാളിയായെത്തുമ്പോൾ മത്സരത്തിന് ആവേശമേറും .

സെർബിയക്കാരൻ‍ വുകോമനോവിവിച് പരിശീലകനായെത്തുന്ന കേരളാ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞ സീസണിലെ പത്താം സ്ഥാനത്തിന്റെ നാണക്കേട് മറന്ന് ഇത്തവണ പോയിന്റ് പട്ടികയിൽ മുന്നേറണം.കഴിഞ്ഞ സീസണിൽ 20 മത്സരങ്ങളിൽ നിന്ന് 3 വിജയങ്ങൾ ഉൾപ്പെടെ 17 പോയിന്റാണ് ടീം നേടിയത്.

കൊവിഡ് നിയന്ത്രണം ഉള്ളതിനാൽ സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കാൻ ബ്ലാസ്റ്റേഴ്സിനാകില്ല.ആറ് വിദേശതാരങ്ങളും ആറ് മലയാളി താരങ്ങളുമടങ്ങുന്ന ജെസ്സൽ കാർനെയ്റോ നയിക്കുന്ന കേരളാബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് വാസ്കോയിലെ തിലക് മൈതാനിയാണ് .

അഡ്രിയാന്‍ ലൂണയും മാര്‍കോ ലെസ്‌കോവിച്ചും അല്‍വാരോ വാസ്‌ക്വേസും ഹോര്‍ഗെ പെരേര ഡിയാസുമൊക്കെ തിളങ്ങിയാൽ കിരീട നേട്ടത്തോടെ കേരള ബ്ലാസ്റ്റേഴ്സിന് ഇന്നലെകളുടെ നിരാശയെ മറികടക്കാം. അതേസമയം അന്റോണിയോ ഹബാസിന്റെ പരിചയസമ്പന്നത എടികെ മോഹൻബഗാനെ കരുത്തരാക്കുന്നു.

ഫിജിയന്‍ താരം റോയ് കൃഷ്ണ, ഫ്രഞ്ച് താരം ഹ്യൂഗോ ബൗമൗസ്, ഫിന്‍ലന്‍ഡിന്റെ ജോണി കൗക്കോ, ടിരി എന്നിവരെല്ലാം കൊല്‍ക്കത്ത നിരയുടെ ഉർജ്ജമാകുമ്പോൾത്തന്നെ ട്രാന്‍സ്ഫര്‍ റെക്കോര്‍ഡുകളോടെ പുത്തന്‍ താരങ്ങളെ അണിനിരത്തിയാണ് ഈ സീസണില്‍ കൊല്‍ക്കത്ത തുടങ്ങുന്നത്

14 കളികളില്‍ 5 ജയം കൊല്‍ക്കത്തയ്ക്കും 4 എണ്ണം ബ്ലാസ്റ്റേഴ്സിനുമാണ്. അഞ്ച് മത്സരം സമനിലയില്‍ അവസാനിച്ചു.കണക്കുകളെ തിരുത്താൻ കേരളം ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുമ്പോൾ കഴിഞ്ഞ സീസണിലെ കിരീടപ്പോരിൽ മുംബൈ സിറ്റിയോട് തോറ്റ എടികെ മോഹൻബഗാൻ കപ്പ് ലക്ഷ്യമാക്കുമ്പോൾ ഫറ്റോർദ സ്റ്റേഡിയം വാശിയേറിയ മത്സരത്തിനാണ് ഇന്ന് ഇന്ത്യൻ സമയം7;30ന് സാക്ഷിയാകുക .

Related Posts