കിണറ്റിൽ കുടുങ്ങിയ ആനയെ രക്ഷപ്പെടുത്തി
കോട്ടയം: പാലാ സ്വദേശിയുടെ കല്ല്യാണി എന്ന് പേരുള്ള പിടിയാനയാണ് സമീപത്തുള്ള വീടിന്റെ അമ്പതടി താഴ്ചയുള്ള കിണറ്റിൽ കുടുങ്ങിയത്. തടിപിടിക്കാന്‍ കൊണ്ടുപോകുന്നതിനിടെ തുരുത്തിപ്പള്ളി കവലയില്‍ വച്ച് ആന ഓടുകയായിരുന്നു. കവലയില്‍ നിന്നും ഏതാണ്ട് 4 കിലോമീറ്ററോളം ഓടി. ഇതിനിടെ വാലില്‍ പിടിച്ച് പാപ്പാൻ ആനയുടെ വേഗത കുറച്ചു. തുരുത്തിപ്പള്ളിയിൽ ഒരു വീട്ടുമുറ്റത്തെ കിണര്‍ ചാടികടക്കാനുള്ള ശ്രമത്തിനിടയിലാണ് ആന കിണറ്റില്‍ കുടുങ്ങിയത്. അര മണിക്കൂർ പരിശ്രമത്തിന് ഒടുവില്‍ ആനയെ കിണറ്റില്‍ വീഴാതെ പുറത്ത് എത്തിച്ചു.
അമ്പതടി താഴ്ചയുള്ള കിണറ്റില്‍ തുമ്പിക്കൈയും, തലയും പുറത്തും മുന്‍കാലുകള്‍ കിണറ്റിനകത്തും എന്ന അവസ്ഥയിലാണ് പിടിയാന കുടുങ്ങിയത്. ഒടുവില്‍ പാപ്പാന്മാരുടെ നിര്‍ദേശത്തില്‍ മുന്‍കാല്‍ നിരക്കിയാണ് ആന കാല്‍ പിന്നോട്ട് എടുത്ത് കിണറ്റില്‍ നിന്നും പുറത്തിറങ്ങിയത്. ആനയുടെ തുമ്പിക്കൈയ്ക്കും മുഖത്തും ചെറിയ പരിക്ക് പറ്റിയിരുന്നു. കിണറിന്റെ തൂണ്‍ വീണ് രണ്ടാം പാപ്പാനും ചെറിയ പരിക്ക് പറ്റിയിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരും ഇല്ലായിരുന്നു. തിരക്കുള്ള കവലയിലൂടെയാണ് ആന ഓടിയതെങ്കിലും മറ്റു നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല.