വംശനാശ ഭീഷണി നേരിടുന്ന വൃക്ഷത്തിന് ടൈറ്റാനിക് താരം ഡികാപ്രിയോയുടെ പേര് നൽകി ശാസ്ത്രലോകം
വംശനാശ ഭീഷണി നേരിടുന്ന ഒരു വൃക്ഷത്തിന് ഹോളിവുഡ് താരം ലിയനാർഡോ ഡികാപ്രിയോയുടെ പേര് നൽകി ബ്രിട്ടീഷ് ശാസ്ത്രജ്ഞർ. ക്യൂവിലെ റോയൽ ബൊട്ടാണിക് ഗാർഡനിലെ ശാസ്ത്രജ്ഞരാണ് മഴക്കാടുകളുടെ സംരക്ഷണത്തിനായി ഒട്ടേറെ കാര്യങ്ങൾ ചെയ്യുന്ന ഹോളിവുഡ് താരത്തിൻ്റെ പേര് വൃക്ഷത്തിന് നൽകിയത്.
യുവാരിയോപ്സിസ് ഡികാപ്രിയോ എന്ന പേരിൽ ഇനി മുതൽ അറിയപ്പെടാൻ പോകുന്ന ഈ വൃക്ഷം ജൈവവൈവിധ്യത്തിന് പേരുകേട്ട കാമറൂൺ വനത്തിൽ മാത്രമാണ് നിലവിൽ വളരുന്നത്. ഉഷ്ണമേഖലാ നിത്യഹരിത വനങ്ങളിൽ കാണപ്പെട്ടിരുന്ന വൃക്ഷത്തിൻ്റെ തടിയിൽ മഞ്ഞ നിറത്തിലുള്ള പൂക്കൾ ഉണ്ടാകാറുണ്ട്. യ്ലാങ് യ്‌ലാങ് കുടുംബത്തിലെ അംഗമാണ്.
മധ്യ ആഫ്രിക്കയിലെ മനുഷ്യ സ്പർശമേൽക്കാത്ത എബോ മഴക്കാടുകളുടെ സംരക്ഷണത്തിനായി ഡികാപ്രിയോ ചെയ്ത സേവനങ്ങൾ വിലമതിക്കാൻ ആവാത്തതാണെന്ന് റോയൽ ബൊട്ടാണിക് ഗാർഡൻ വിലയിരുത്തി. ബാനൻ ജനതയുടെ ആവാസ കേന്ദ്രം കൂടിയാണ് എബോ വനങ്ങൾ. വംശനാശഭീഷണി നേരിടുന്ന ഗൊറില്ലകൾ, ചിമ്പാൻസികൾ, കാട്ടാനകൾ ഉൾപ്പെടെ സവിശേഷമായ സസ്യജന്തുജാലങ്ങളാണ് ഇവിടെയുള്ളത്. എബോ മഴക്കാടുകളുടെ പ്രാധാന്യത്തെയും അവ സംരക്ഷിക്കപ്പെടേണ്ടതിൻ്റെ ആവശ്യകതയെയും മുൻനിർത്തിയുള്ള ഡികാപ്രിയോയുടെ സോഷ്യൽ മീഡിയാ പോസ്റ്റുകൾ ലോകത്ത് വളരെ അധികം ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.