മെഡിക്കൽ കോളജ് വികസനത്തിന് 50 ഏക്കർ ഏറ്റെടുക്കണമെന്ന നിർദേശവും പരിഗണിക്കാമെന്ന് വിദഗ്ധ സമിതി
മഞ്ചേരി: മെഡിക്കൽ കോളേജിന്‍റെയും കെ.എസ്.ഇ.ബി സബ് സ്റ്റേഷന്‍റെയും വികസനത്തിനായി മഞ്ചേരി, ആനക്കയം വില്ലേജുകളിലെ 50 ഏക്കർ ഭൂമിയും പരിഗണിക്കാമെന്ന് വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. 50 പേജുള്ള റിപ്പോർട്ടാണ് കളക്ടർക്ക് സമർപ്പിച്ചത്. കോളജിനോടനുബന്ധിച്ച് 2.81 ഹെക്ടർ ഏറ്റെടുക്കാൻ നേരത്തേ സർക്കാർ വിജ്ഞാപനം ഇറങ്ങിയിരുന്നു. ഈ സ്ഥലത്തെ സാമൂഹിക ആഘാത പഠന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. ഈ ഭൂമിക്ക് പകരം 50 ഏക്കർ ഭൂമി ഏറ്റെടുക്കണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു. രണ്ടിടങ്ങളിലെയും പ്രായോഗികതയും പ്രശ്നങ്ങളും പരിശോധിച്ച് റിപ്പോർട്ട് സമർപ്പിച്ച ശേഷമാണ് സമിതി നയപരമായ തീരുമാനം സർക്കാരിന് വിട്ടത്. കോളേജിന്‍റെ അംഗീകാരം നിലനിർത്താൻ വിജ്ഞാപനം പുറപ്പെടുവിച്ച സ്ഥലം ഏറ്റെടുക്കണമെന്നാണ് കോളേജ് അധികൃതരുടെ ആവശ്യം. സ്ഥലം ഏറ്റെടുക്കുമ്പോൾ കുടിയൊഴിപ്പിക്കൽ ഒഴിവാക്കണമെന്നും ഭൂമി, കെട്ടിടങ്ങൾ, മരങ്ങൾ, മറ്റ് നിർമിതികൾ എന്നിവയ്ക്ക് നഷ്ടപരിഹാരം നൽകണമെന്നും വിദഗ്ധ സമിതി നിർദ്ദേശിച്ചിട്ടുണ്ട്. നിലം നികത്തിയാൽ വെള്ളക്കെട്ട് ഒഴിവാക്കുക, മലിനജല പ്രശ്നം പരിഹരിക്കുക, വീടുകളിലേക്കും കെട്ടിടങ്ങളിലേക്കുമുള്ള പ്രവേശന കവാടങ്ങൾ പുനഃസ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. പരാതികൾ പരിഹരിക്കാൻ ജില്ലാ, മുനിസിപ്പൽ തലങ്ങളിൽ ഒരു സംവിധാനം ഏർപ്പെടുത്താനും നിർദ്ദേശിച്ചിട്ടുണ്ട്.