വിശദീകരണം തൃപ്തികരം; ശിവദാസൻ നായരുടെ സസ്പെൻഷൻ പിൻവലിച്ചതായി കെപിസിസി.
തിരുവനന്തപുരം : മുതിർന്ന കോൺഗ്രസ് നേതാവ് കെ ശിവദാസൻ നായർക്ക് അച്ചടക്കലംഘനത്തിന് കെപിസിസി നൽകിയ സസ്പെൻഷൻ പിൻവലിച്ചു. നൽകിയ നോട്ടീസിന് തൃപ്തികരമായ മറുപടി നല്‍കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ സസ്പെൻഷൻ പിൻവലിക്കുന്നതായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ അറിയിച്ചു.
മുന്നോട്ടുള്ള പ്രയാണത്തിൽ പാർട്ടിക്ക് കരുത്തും ശക്തിയും നൽകാൻ ശിവദാസൻ നായരുടെ സേവനം ആവശ്യമാണെന്നും കെ സുധാകരൻ എംപി പറഞ്ഞു.
കോൺഗ്രസിനെതിരെ പരസ്യ പ്രസ്താവന നടത്തിയതിന്റെ പേരിലാണ് ശിവദാസൻ നായർക്കെതിരെ നടപടിയെടുത്തത്. ഇതിന് പിന്നാലെ കെപിസിസി അദ്ദേഹത്തിന് നോട്ടീസ് നൽകുകയും പാർട്ടിയിൽ നിന്ന് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്യുകയുമായിരുന്നു.