ആര്യൻഖാന് 4500 രൂപ മണി ഓർഡറായി അയച്ചുകൊടുത്ത് കുടുംബം

മയക്കുമരുന്ന് കേസിൽ അകപ്പെട്ട് മുംബൈ ആർതർ റോഡ് ജയിലിൽ കഴിയുന്ന ആര്യൻ ഖാന് 4500 രൂപ മണി ഓർഡറായി അയച്ചു കിട്ടിയെന്ന് ജയിൽ അധികൃതർ. കാന്റീനിൽ നിന്ന് ഭക്ഷണം ഉൾപ്പെടെയുള്ളവ വാങ്ങാനാണ് കുടുംബം പണം അയച്ചു കൊടുത്തിരിക്കുന്നത്.

എന്നാൽ ആര്യൻ ഖാന് ജയിൽ ഭക്ഷണം മാത്രമേ നൽകൂ എന്നും വീട്ടിൽനിന്നോ പുറത്തുനിന്നോ കൊണ്ടുവരുന്ന ഭക്ഷണം അനുവദിക്കില്ലെന്നും ജയിൽ സൂപ്രണ്ട് നിതിൻ വെയ്ചൽ പറഞ്ഞു. മറിച്ചുള്ള കോടതി ഉത്തരവ് ഉണ്ടായാൽ മാത്രമേ ഇക്കാര്യത്തിൽ മാറ്റമുണ്ടാവൂ എന്നും അദ്ദേഹം പറഞ്ഞു.

കുടുംബവുമായി വീഡിയോ കോളിലൂടെ സംസാരിക്കാനും ആര്യൻ ഖാന് അനുവാദമുണ്ട്. തടവുകാർക്ക് ആഴ്ചയിൽ ഒരിക്കൽ കുടുംബവുമായി വീഡിയോ കോളിലൂടെ സംസാരിക്കാനുള്ള അവസരം ഒരുക്കണമെന്ന് ബോംബെ ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. നാലാം തവണയും ജാമ്യാപേക്ഷ തള്ളിയതോടെ ഒക്ടോബർ 20 വരെ ആര്യൻഖാൻ ജയിലിൽ കഴിയേണ്ടിവരും.

Related Posts