പ്രസിദ്ധമായ വട്ടപ്പരത്തി ശ്രീ ഷണ്മുഖക്ഷേത്ര മഹോത്സവം നാളെ (28 -03 -2023 ) നടക്കും

തൃശൂർ ജില്ലയിലെ പ്രസിദ്ധമായ സുബ്രഹ്‌മണ്യ ക്ഷേത്രമായ വട്ടപ്പരത്തി ശ്രീ ഷണ്മുഖക്ഷേത്ര മഹോത്സവം നാളെ നടക്കും. വലപ്പാട് പഞ്ചായത്തിലെ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന വട്ടപ്പരത്തി ശ്രീ ഷണ്മുഖക്ഷേത്രത്തിൽ ബാലസുബ്രഹ്‌മണ്യ ഭാവത്തിൽ ആണ് പ്രതിഷ്ഠ. മീനമാസത്തിലെ മകയിരം നക്ഷത്രത്തിലാണ് വർഷം തോറും ഇവിടെ ഉത്സവം നടക്കുക . കൊടിയേറ്റം മുതൽ തന്നെ വിവിധ പരിപാടികളോടെ ആഘോഷമായി നടക്കുന്ന ഉത്സവകാലം വൻ ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായിരിക്കും. എല്ലാ ജനവിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ നടത്തപെടുന്ന ഉത്സവം മതസൗഹാർദ്ദത്തിന്റെ ഉത്തമ ഉദാഹരണം കൂടിയാണ് . സുബ്രഹ്‌മണ്യ ക്ഷേത്രമായതിനാൽ തന്നെ കാവടിയാട്ടത്തിന് പ്രാധാന്യമുള്ള ഉത്സവമാണ് അരങ്ങേറുക . ശാഖകൾ എന്ന പേരിൽ അഞ്ച് പ്രദേശങ്ങളിൽ നിന്ന് എത്തി ചേരുന്ന കാവടികളും വിവിധ മേളങ്ങളുടെ പ്രകടനവുമാണ് പ്രധാന ആകർഷണം. കേരളത്തിലെ തന്നെ മികച്ച കാവടികളും മേള കലാകാരന്മാരെയുമാണ് ഓരോ ശാഖകളും രംഗത്ത് ഇറക്കുക അതിനാൽ തന്നെ വളരെ ആകര്ഷകമായ ഉത്സവമായി മാറുകയും ചെയ്യും . തെക്കേ ശാഖ , പടിഞ്ഞാറേ ശാഖാ, കോതകുളം ബീച്ച് ശാഖാ, കോതകുളം സെന്റർ ശാഖാ, കിഴക്കേ ശാഖ എന്നി ദേശ കൂട്ടായ്മകളുടെ നേതൃത്വത്തിൽ ആണ് പകലും രാത്രിയും കാവടി വരുക. കാവടി വരുന്ന പ്രദേശങ്ങളിലും വിവിധ പരിപാടികൾ അരങ്ങേറും . ക്ഷേത്രത്തിന്റെ സമീപവാസികളുടെ നേതൃത്വത്തിൽ ഉള്ള സെന്റർ കമ്മിറ്റിയാണ് ക്ഷേത്ര കാര്യങ്ങൾ നിർവഹിക്കുന്നത്. സെന്റർ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പൂരവും ആകർഷകമാണ്.

Related Posts