കൊച്ചി ബിനാലെയുടെ അഞ്ചാം പതിപ്പ് ഉദ്ഘാടനം ഇന്ന് വൈകിട്ട്

കൊച്ചി ബിനാലെയുടെ പ്രധാന വേദികളായ ആസ്പിന്‍ വാള്‍, ആനന്ദ് വെയർഹൗസ്, പെപ്പർ ഹൗസ് എന്നിവ ഡിസംബർ 23ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്‍റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. ബിനാലെ വേദികളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാകാത്തതിനാലാണ് തീയതി മാറ്റിവച്ചത്. അതേസമയം, ഫോർട്ട് കൊച്ചിയിലെ പരേഡ് ഗ്രൗണ്ടിൽ ഇന്ന് വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ബിനാലെ ഉദ്ഘാടനം ചെയ്യും. 2023 ഏപ്രിൽ 10 വരെ 14 വേദികളിലായി 'നമ്മുടെ സിരകളില്‍ ഒഴുകുന്നതു മഷിയും തീയും' എന്ന പ്രമേയത്തിലാണ് ബിനാലെ നടക്കുക. 40 രാജ്യങ്ങളിൽ നിന്നുള്ള 90 കലാകാരൻമാരുടെ 200 ലധികം സൃഷ്ടികൾ പ്രദർശിപ്പിക്കും. സ്റ്റുഡന്‍റ്സ് ബിനാലെയും ആർട്ട് ബൈ ചിൽഡ്രനും ബിനാലെ 2022 ന്‍റെ ഭാഗമാണ്. ഇതിന്‍റെ ഭാഗമായി വിവിധ സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കും. ഇൻസ്റ്റലേഷനുകൾ, പെയിന്‍റിംഗുകൾ, ശിൽപങ്ങൾ, സെമിനാറുകൾ, ഫിലിം എക്സിബിഷനുകൾ എന്നിവയ്ക്ക് പുറമെ ഡിജിറ്റൽ കലാസൃഷ്ടികളും ഈ വർഷത്തെ ബിനാലെയിൽ ഉണ്ടാകും. സിംഗപ്പൂർ ആസ്ഥാനമായുള്ള ഷുബുഗി റാവുവാണ് ബിനാലെയുടെ ക്യൂറേറ്റർ. കബ്രാൾ യാർഡ്, പെപ്പർ ഹൗസ്, ഡേവിഡ് ഹാൾ, കാശി ആർട്ട് കഫേ, കാശി ടൗൺ ഹൗസ്, മാപ്പ് വെയർഹൗസ്, മട്ടാഞ്ചേരി അർമാൻ ബിൽഡിംഗ്, കെ.വി.എൻ ആർക്കേഡ്, വി.കെ.എൽ ബിൽഡിംഗ്, ട്രിവാൻഡ്രം ബിൽഡിംഗ്, ആനന്ദ് വെയർഹൗസ്, ടി.കെ.എം വെയർഹൗസ്, ദർബാർ ഹാൾ തുടങ്ങി 14 വേദികളിലാണ് ബിനാലെ നടക്കുക. ബിനാലെ ആരംഭിച്ചതിന്‍റെ പത്താം വാർഷികമാണ് ഈ വർഷം.Reply