ടി വി ചന്ദ്രൻ ചലച്ചിത്രോത്സവം

പ്രശസ്ത സംവിധായകൻ ടി വി ചന്ദ്രൻ്റെ ഏഴ് ചിത്രങ്ങൾ ഉൾപ്പെടുത്തിയ ചലച്ചിത്ര മേളയ്ക്ക് തുടക്കമായി. നസീം ഉൾപ്പെടെയുള്ള മികച്ച ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ സെയ്ദ് അഖ്തർ മിർസയാണ് മേള ഉദ്ഘാടനം ചെയ്തത്. ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയാണ് ഫെസ്റ്റിവലിൻ്റെ സംഘാടകർ.

ആലീസിൻ്റെ അന്വേഷണം, ഓർമ്മകൾ ഉണ്ടായിരിക്കണം, മങ്കമ്മ, ഡാനി, ആടുംകൂത്ത്, ഭൂമിമലയാളം, മോഹവലയം എന്നീ ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. ഇന്നലെ വൈകീട്ട് തുടങ്ങിയ മേള ഫെബ്രുവരി 16 വരെ നീണ്ടു നിൽക്കും. ffsikeralam.online എന്ന പ്ലാറ്റ്ഫോമിലാണ് മേള നടക്കുന്നത്.

മലയാളത്തിലെ സമാന്തര സിനിമാ ധാരയിലെ പ്രഗത്ഭനായ സംവിധായകനാണ് ടി വി ചന്ദ്രൻ. ബക്കർ സംവിധാനം ചെയ്ത കബനീനദി ചുവന്നപ്പോൾ എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് അദ്ദേഹം സിനിമാ ലോകത്ത് തുടക്കം കുറിക്കുന്നത്. കൃഷ്ണൻകുട്ടിയിലൂടെ സംവിധാന മേഖലയിൽ ചുവടുവെച്ച ടി വി ചന്ദ്രൻ ഹേമാവിൻ കാതലർകൾ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ലൊക്കാർണോ മേളയിൽ പ്രദർശിപ്പിച്ച ആലീസിൻ്റെ അന്വേഷണമാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രം. പൊന്തൻമാട എന്ന ചിത്രത്തിന് നാല് ദേശീയ അവാർഡുകൾ ലഭിച്ചു. മമ്മൂട്ടിക്ക് ലഭിച്ച മികച്ച നടനുള്ള പുരസ്കാരവും ഇതിൽ ഉൾപ്പെടുന്നു.

Related Posts