മെഗാസ്റ്റാറായാലും ചെറിയ സ്റ്റാറായാലും സിനിമ തിയേറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്ന് സിനിമാ മന്ത്രി
മെഗാസ്റ്റാർ ചിത്രങ്ങളായാലും ചെറിയ സ്റ്റാർ ചിത്രങ്ങളായാലും സിനിമകൾ തിയേറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്ന് സിനിമാ, സാംസ്കാരിക വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി സജി ചെറിയാൻ. 'മരക്കാർ, അറബിക്കടലിൻ്റെ സിംഹം' എന്ന മോഹൻലാൽ നായകനായ ബിഗ് ബജറ്റ് ചിത്രം തിയേറ്ററിലാണോ ഒടിടി യിലാണോ റിലീസ് ചെയ്യുക എന്നത് സംബന്ധിച്ച് നിർമാതാക്കളും ഫിയോക്കുമായുള്ള ചർച്ചകൾ തുടരുന്നതിനിടെയാണ് സിനിമ തിയേറ്ററിൽ തന്നെ റിലീസ് ചെയ്യണം എന്ന അഭിപ്രായവുമായി മന്ത്രി മുന്നോട്ടു വരുന്നത്.
സിനിമ ഷൂട്ട് ചെയ്താൽ അത് തിയേറ്ററിൽ പ്രദർശിപ്പിച്ചിരിക്കണമെന്ന് മന്ത്രി പറഞ്ഞു. ഒടിടി യിൽ മാത്രമായി സിനിമ റിലീസ് ചെയ്യുന്നത് ശരിയല്ല. അത് നടക്കില്ലെന്നും മന്ത്രി പറഞ്ഞു. തിയേറ്ററുകൾ അടഞ്ഞു കിടക്കുന്ന അവസരത്തിലാണ് ഒടിടി യെ പ്രോത്സാഹിപ്പിച്ചത്. എല്ലാ സൗകര്യപ്രദമായ സംവിധാനങ്ങളും ഉപയോഗപ്പെടുത്തി തിയേറ്ററിൽ തന്നെയാണ് സിനിമ റിലീസ് ചെയ്യേണ്ടത്.