അവിശ്വസനീയമായ തുകയ്ക്ക് ലേലത്തിൽ പോയി ഹാരിപോട്ടർ ആദ്യ പതിപ്പ്; ലഭിച്ചത് 4,71,000 ഡോളർ!!

ഹാരി പോട്ടർ വീണ്ടും വിസ്മയം സൃഷ്ടിക്കുന്നു. ഹാരി പോട്ടർ ആൻഡ് ദി ഫിലോസഫേഴ്സ് സ്റ്റോൺ ആദ്യ പതിപ്പ് ലേലം ചെയ്തപ്പോൾ ലഭിച്ചത് അവിശ്വസനീയമായ തുക. 4,71,000 ഡോളർ! 1997-ലെ ബ്രിട്ടീഷ് ഹാർഡ്ബാക്ക്

പതിപ്പാണ് ലേലം ചെയ്തത്. അതായത് കേവലം കാൽ നൂറ്റാണ്ട് മാത്രം പഴക്കമുള്ള പുസ്തകം. ഇരുപതാം നൂറ്റാണ്ടിലെ ഒരു സാഹിത്യ കൃതിക്ക് ലഭിക്കുന്ന ലോക റെക്കോർഡ് വിലയാണ് ഇതെന്ന് ലേലക്കാർ പറഞ്ഞു. 70,000 ഡോളർ വരെ കിട്ടുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ ആറിരട്ടിയിലധികം വില ലഭിച്ചു.

ഹാരി പോട്ടറിന്റെ ആദ്യ പതിപ്പുകളുടെ മുൻകാല ലേല വില ഏകദേശം 1,10,000 ഡോളർ മുതൽ 1,38,000 ഡോളർ വരെയാണ്.

കവറിൽ വർണ ചിത്രീകരണമുള്ള പുസ്തകത്തെ ഹെറിറ്റേജ് ഓക്ഷൻസ് വിശേഷിപ്പിച്ചത് "മാന്ത്രികവും അവിശ്വസനീയമാംവിധം പ്രകാശപൂർണവും പുരാതനവും" എന്നാണ്. 'ഹാരി പോട്ടർ ആന്റ് ദി സോർസറേഴ്സ് സ്റ്റോൺ' എന്ന പേരിലാണ് ഈ പുസ്തകം അമേരിക്കയിൽ പ്രസിദ്ധീകരിച്ചത്. നിർദിഷ്ട ബൈൻഡിങ്ങുള്ള കൃതിയുടെ 500 കോപ്പികൾ മാത്രമാണ് അച്ചടിച്ചിട്ടുള്ളതെന്ന് ഡാളസ് ആസ്ഥാനമായുള്ള ലേല സ്ഥാപനം പറഞ്ഞു.

ഒരു അമേരിക്കൻ കളക്ടറാണ് പുസ്തകം വാങ്ങിയത്. പേര് പുറത്തുവിട്ടിട്ടില്ല. 80 ഭാഷകളിലായി ലോകമെമ്പാടും 500 ദശലക്ഷം കോപ്പികൾ വിറ്റഴിച്ച ഹാരി പോട്ടർ കൃതികൾ ബ്രിട്ടീഷ് എഴുത്തുകാരി ജെ കെ റൗളിങ്ങ് എഴുതിയതാണ്. എട്ട് സിനിമകളിലൂടെ 7.8 ബില്യൺ ഡോളറാണ് ഹാരി പോട്ടർ സിനിമകൾ കരസ്ഥമാക്കിയത്.

Related Posts