ആദ്യ വനിതാ ഐ പി എൽ 2023 മാർച്ചിൽ സംഘടിപ്പിച്ചേക്കും

2023 മാർച്ചിൽ ആദ്യ വനിതാ ഐ പി എൽ സംഘടിപ്പിക്കാൻ ബി സി സി ഐ പദ്ധതിയിടുന്നതായി റിപ്പോർട്ട്. സ്ത്രീകളുടെ ആഭ്യന്തര കലണ്ടറിൽ ബോർഡ് ഇക്കാര്യത്തിൽ മാറ്റങ്ങൾ വരുത്തി. 2022-23 ലെ സീനിയർ വനിതാ സീസൺ ഒക്ടോബർ 11ന് ടി-20 മത്സരത്തോടെ ആരംഭിക്കുകയും അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന ഇന്റർ സോണൽ ഏകദിന മത്സരത്തോടെ സമാപിക്കുകയും ചെയ്യും. 2018 മുതൽ ഐ പി എൽ സമയത്ത് വനിതാ ടി20 ചലഞ്ച് ബി സി സി ഐ സംഘടിപ്പിക്കുന്നുണ്ട്. കൊവിഡ് കാരണം 2021ലെ ടൂർണമെന്റ് റദ്ദാക്കിയിരുന്നു. ആദ്യ സീസണിൽ രണ്ട് ടീമുകൾ തമ്മിലുള്ള എക്സിബിഷൻ മത്സരമായി കളിച്ച ടൂർണമെന്റ് നിരവധി പ്രമുഖ വിദേശ കളിക്കാരുടെ വരവോടെ മൂന്ന് ടീമുകളുള്ള മത്സരമായി മാറി. തുടർന്ന് പുരുഷ ഐ പി എല്ലി ന്റെ മാതൃകയിൽ മത്സരം നടത്തണമെന്ന് ശക്തമായ മുറവിളി ഉയർന്നിരുന്നു. ടൂർണമെന്റ് ഒരു മാസം നീണ്ടുനിൽക്കും. ടൂർണമെന്റിൽ അഞ്ച് ടീമുകൾ ഉണ്ടാകുമെന്ന് ഒരു മുതിർന്ന ബി സി സി ഐ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന വനിതാ ടി20 ലോകകപ്പിന് ശേഷമായിരിക്കും വനിതാ ഐ പി എൽ നടക്കുക. ഈ വർഷം ഫെബ്രുവരിയിൽ ബി സി സി ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി വനിതാ ഐ പി എൽ 2023 ൽ നടക്കുമെന്ന് പറഞ്ഞിരുന്നു.

Related Posts