ധീരജവാൻ പ്രദീപിന്റെ സംസ്കാരം ഇന്ന് വൈകീട്ട്

തൃശൂർ: കൂനൂരിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് മരിച്ച മലയാളി വ്യോമസേന ഉദ്യോഗസ്ഥന്‍ എ പ്രദീപിന്റെ സംസ്കാരം ഇന്ന്. ജന്മനാടായ തൃശൂർ പുത്തൂരിൽ വെച്ചാണ് സംസ്കാരം. രാവിലെ സുലൂര്‍ വ്യോമതാവളത്തിലെത്തിച്ചു. പൊതുദർശനത്തിന് ശേഷം റോഡ് മാര്‍ഗം വാളയാറിലെത്തി. കേരളത്തെ പ്രതിനിധീകരിച്ച് മന്ത്രിമാരായ കെ രാധാകൃഷ്ണൻ, കെ കൃഷ്ണൻകുട്ടി, കെ രാജൻ എന്നിവർ മൃതദേഹം ഏറ്റുവാങ്ങി. തൃശൂർ ജില്ലയെ പ്രതിനിധീകരിച്ച് ജില്ലാ കലക്ടർ ഹരിത വി കുമാർ ജില്ലാ അതിർത്തിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങും. പ്രദീപ് പഠിച്ച പുത്തൂര്‍ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം വൈകിട്ടോടെയായിരിക്കും അന്ത്യചടങ്ങുകൾ നടക്കുക. വീട്ടുവളപ്പില്‍ തന്നെ സംസ്‌കാരം നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.

കോയമ്പത്തൂരില്‍ നിന്നും പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിയും മക്കളും കഴിഞ്ഞ ദിവസം രാത്രി തന്നെ തൃശൂര്‍ പൊന്നുകരയിലെ വീട്ടില്‍ എത്തിയിരുന്നു. ഏഴു വയസ്സുകാരൻ ദക്ഷിൺ ദേവ്, രണ്ടു വയസ്സുള്ള ദേവപ്രയാഗ് എന്നിവരാണ് പ്രദീപിന്റെ മക്കൾ. തൃശൂർ പുത്തൂർ പൊന്നൂക്കര അറയ്ക്കൽ വീട്ടിൽ രാധാകൃഷ്ണന്റെയും കുമാരിയുടെയും മകനാണ് 37 കാരനായ പ്രദീപ്.

Related Posts