ജീവനോടെയുണ്ടെന്ന് പ്രതിയുടെ ബന്ധുക്കൾ; വർഷങ്ങൾക്ക് മുൻപ് മരിച്ചെന്ന് കരുതിയ പെണ്‍കുട്ടിയെ കണ്ടെത്തി
ലഖ്നൗ (ഉത്തര്‍പ്രദേശ്): 2015 ൽ കൊല്ലപ്പെട്ടെന്ന് കരുതിയ പെൺകുട്ടിയെ ജീവനോടെ കണ്ടെത്തി. ഉത്തർപ്രദേശിലെ ഹത്രാസിലാണ് 21 കാരിയായ യുവതിയെ കണ്ടെത്തിയത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസിൽ ജയിലിൽ കഴിയുന്ന പ്രതിയുടെ കുടുംബാംഗങ്ങൾ പെൺകുട്ടി ജീവിച്ചിരിപ്പുണ്ടെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേതുടർന്ന് അലിഗഢ് പൊലീസ് നടത്തിയ തെരച്ചിലിലാണ് പെൺകുട്ടിയെ ജീവനോടെ കണ്ടെത്തിയത്. കൊല്ലപ്പെട്ടെന്ന് പറയുന്ന യുവതി ഹത്രാസിൽ ജീവനോടെയുണ്ടെന്നും രണ്ട് കുട്ടികളുടെ അമ്മയാണെന്നും പ്രതിയുടെ ബന്ധുക്കൾ പരാതിയിൽ പറഞ്ഞിരുന്നു. ഇതേതുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. 2015ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 14 വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. ഏതാനും ദിവസങ്ങൾക്ക് ശേഷം, പെണ്‍കുട്ടിയുടേതെന്ന് കരുതുന്ന മൃതദേഹം ആഗ്രയില്‍നിന്ന് ലഭിച്ചതിനെത്തുടര്‍ന്ന് അയൽവാസിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും കൊലപാതകം, തട്ടിക്കൊണ്ടുപോകൽ എന്നീ വകുപ്പുകൾ പ്രകാരം കേസെടുക്കുകയും ചെയ്തു. പെൺകുട്ടി 14 വയസുകാരിയായതിനാൽ പ്രതിക്കെതിരെ പോക്സോയും ചുമത്തിയിരുന്നു.