വനിതാ ശിശുക്ഷേമ വകുപ്പിന്റെ എൻട്രി ഹോമിൽ നിന്ന് പെണ്‍കുട്ടികളെ കാണാതായി
കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്നിൽ വനിതാ ശിശുക്ഷേമ വകുപ്പിന്‍റെ ജെൻഡർ പാർക്കിലെ എൻട്രി ഹോമിൽ നിന്ന് രണ്ട് പെണ്‍കുട്ടികളെ കാണാതായി. ഇന്ന് രാവിലെയാണ് 17 വയസുള്ള പെണ്‍കുട്ടികളെ കാണാതായത്. കുട്ടികൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. ഒരു മാസം മുമ്പ് എൻട്രി ഹോമിലേക്ക് കൊണ്ടുവന്ന പെൺകുട്ടികളെ രാവിലെ ഏഴ് മണിക്ക് ശേഷമാണ് കാണാതായത്. വസ്ത്രം കഴുകാനായി വീടിന്‍റെ പിൻഭാഗത്തുകൂടി ഇരുവരും പുറത്തേക്ക് ഇറങ്ങിയിരുന്നു. ഈ സമയത്ത് ജെന്‍ഡര്‍ പാർക്കിൽ നിന്ന് പുറത്തേക്ക് പോയതായാണ് വിവരം. മുക്കം, കൊടുവള്ളി സ്വദേശികളാണ് പെണ്‍കുട്ടികൾ. ചേവായൂർ പൊലീസ് റെയിൽവേ പൊലീസുമായി സഹകരിച്ച് അന്വേഷണം നടത്തി വരികയാണ്. ജെൻഡർ പാർക്കിന്‍റെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി കോമ്പൗണ്ട് മതിൽ നിർമ്മാണം ആരംഭിക്കാൻ ഇരിക്കെയാണ് സംഭവം. ഈ വർഷം ജനുവരി 26നാണ് ജെൻഡർ പാർക്കിലെ ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായത്. ഇവരെ പിന്നീട് കർണാടകയിൽ നിന്ന് കണ്ടെത്തുകയായിരുന്നു.