"ഫോട്ടോ ബോംബിങ്ങ് " സെൽഫിയിലൂടെ ലോകത്തെ വിസ്മയിപ്പിച്ച ഗൊറില്ല വിടപറഞ്ഞു; മരണം കെയർടേക്കറുടെ കൈകളിൽ കിടന്ന്

രണ്ടുവർഷം മുമ്പ് ഒരു "ഫോട്ടോ ബോംബിങ്ങ് " സെൽഫിയിലൂടെ ലോകത്തെ അക്ഷരാർഥത്തിൽ ഞെട്ടിച്ചുകളഞ്ഞ ആൾക്കുരങ്ങുകളിൽ ഒന്ന് വിടപറഞ്ഞു. കിഴക്കൻ കോംഗോയിലെ വിരുങ്ക നാഷണൽ പാർക്കിലെ സെൻക്വീവ്ക്വി ഗൊറില്ല ഓർഫനേജിൽ പതിനാലാം വയസ്സിലാണ് ഡസാക്കി എന്ന ലോകത്തിന്റെ അരുമയായ ആൾക്കുരങ്ങിന്റെ അന്ത്യം. ദീർഘനാളായി രോഗബാധിതയായിരുന്നു. സ്വന്തം മകളെപ്പോലെ അവളെ വളർത്തി വലുതാക്കിയ കെയർടേക്കർ ആൻഡ്രേ ബോമയുടെ കൈകളിൽ കിടന്നാണ് ഗൊറില്ല അവസാനശ്വാസം വലിച്ചത്.

അനാഥരാക്കപ്പെട്ട ആൾക്കുരങ്ങുകൾക്കുള്ള ലോകത്തിലെ ഏക നാഷണൽ പാർക്കാണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലുള്ള വിരുങ്ക നാഷണൽ പാർക്ക്. വേട്ടക്കാരുടെ ആക്രമണത്തിൽപ്പെട്ട് ഗൊറില്ലാ കുടുംബത്തിലെ എല്ലാവരും കൊല്ലപ്പെട്ടതോടെ അനാഥയായ ഡസാക്കി പാർക്കിൽ എത്തുന്നത് ഒരു വ്യാഴവട്ടം മുമ്പാണ്. ഓർഫനേജിൽ സംരക്ഷണം കൊടുത്ത ആദ്യത്തെ അനാഥക്കുരങ്ങായിരുന്നു ഡസാക്കി.

gorilla

2019 ഏപ്രിലിലാണ് ഡസാക്കി ലോകത്തിന്റെ ശ്രദ്ധയാകർഷിക്കുന്നത്. പാർക്കിലെ കെയർടേക്കറായ മാത്തിയു ഷമാവുവിന്റെ സെൽഫിയിൽ മനുഷ്യരെപ്പോലെ രണ്ടുകാലിൽ എഴുന്നേറ്റ് നിന്ന് അത്ഭുതകരമായ ഭാവപ്പകർച്ചയോടെ പോസുചെയ്യുന്ന ഗൊറില്ലാ സുന്ദരികളെ കണ്ട് ലോകം മൂക്കത്തു വിരൽവെച്ചുപോയി. ഡസാക്കി എന്നും ഡീസി എന്നും പേരുള്ള രണ്ട് ആൾക്കുരങ്ങുകളാണ് ഒറ്റ സെൽഫിയിലൂടെ ലോകത്തിന്റെ ഹൃദയം കവർന്നത്. എന്നാൽ അസാധ്യമെന്നും അവിശ്വസനീയമെന്നുമായിരുന്നു ആദ്യ പ്രതികരണങ്ങൾ. പലരും മോർഫിങ്ങായും ഫോട്ടോ ഷോപ്പിങ്ങായും ചിത്രത്തെ എഴുതിത്തള്ളി. എന്നാൽ ഫോട്ടോയിൽ യാതൊരു കൃത്രിമവും കാണിച്ചിട്ടില്ലെന്നും ക്യാമറ കയ്യിലെടുത്തപ്പോൾ മുതൽ ഗൊറില്ലകൾ തന്റെ ചലനങ്ങൾ അതേപടി അനുകരിക്കുകയായിരുന്നെന്നും മാത്തിയു വെളിപ്പെടുത്തി. ഗൊറില്ലകളും മനുഷ്യരും തമ്മിലുള്ള ബന്ധത്തിലേക്ക് വെളിച്ചം വീശുന്ന ചിത്രം പിന്നീട് ലോകം ഏറ്റെടുക്കുകയായിരുന്നു. രണ്ടുമാസം പ്രായമുള്ളപ്പോൾ മുതൽ അവളെ നെഞ്ചോടു ചേർത്തു വളർത്തി വലുതാക്കിയതാണെന്നും വേർപാടിൽ ഹൃദയം നുറുങ്ങുന്ന വേദനയാണെന്നും കെയർടേക്കർ ആൻഡ്രേ ബോമ പ്രതികരിച്ചു.

Related Posts