സർക്കാർ ജീവനക്കാർക്ക് നാലാം ശനിയാഴ്ച അവധിയില്ല; നിർദേശം ഉപേക്ഷിച്ച് സർക്കാർ

തിരുവനന്തപുരം: നാലാം ശനിയാഴ്ച സർക്കാർ ജീവനക്കാർക്ക് അവധിയില്ല. ഈ നിർദ്ദേശം ഉപേക്ഷിക്കാൻ സർക്കാരിൽ ധാരണയായി. അവധി വിഷയത്തിൽ ചീഫ് സെക്രട്ടറി വി.പി.ജോയ് സംഘടനകളുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമെടുക്കാൻ ഫയൽ മുഖ്യമന്ത്രിക്ക് കൈമാറുകയായിരുന്നു. എൻ.ജി.ഒ യൂണിയനും സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനും ഈ നിർദ്ദേശത്തെ എതിർത്തിരുന്നു. നാലാം ശനിയാഴ്ച അവധിയാക്കുന്നത് സംബന്ധിച്ച് ആദ്യം സംഘടനകളുമായി ചീഫ് സെക്രട്ടറി ചർച്ച നടത്തിയിരുന്നു. എന്നാൽ സർക്കാർ മുന്നോട്ടുവച്ച നിബന്ധനകളിലൊന്നും തീരുമാനമായില്ല. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനും സി.പി.എം അനുകൂല സംഘടനയായ എൻ.ജി.ഒ യൂണിയനും നാലാം ശനിയാഴ്ച അവധി വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതോടെയാണ് തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് ഫയൽ കൈമാറിയത്. എന്നാൽ അവധി പ്രഖ്യാപിക്കാൻ സർക്കാരിനും താൽപ്പര്യമില്ല. കാഷ്വൽ ലീവ് നിലവിലുള്ള 20 ദിവസത്തിൽ നിന്ന് 15 ദിവസമായി കുറയ്ക്കാനും പ്രവൃത്തി സമയം 10.15 മുതൽ 5.15 എന്നതിൽ നിന്നും 10 മുതൽ 5.15 വരെയും ആക്കാനും നാലാം ശനി അവധിയാക്കാനുമായിരുന്നു നിർദ്ദേശം. അവധി ദിനങ്ങൾ കുറയ്ക്കുന്നതിനെ പ്രതിപക്ഷ സംഘടനകൾ എതിർത്തപ്പോൾ സി.പി.എം അനുകൂല സംഘടനകൾ രണ്ട് വ്യവസ്ഥകളോടും അനുഭാവം കാണിച്ചില്ല. അവധി ദിനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിൽ ചില ഇളവുകൾ നൽകാൻ സർക്കാർ തയ്യാറായിരുന്നു. എന്നാൽ, സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനും എൻ.ജി.ഒ യൂണിയനും അവധി വേണ്ടെന്ന് തീരുമാനിച്ചതോടെ അവധിയിൽ സർക്കാരിന് താത്പര്യമില്ലാതായി.


Related Posts