കൊച്ചിയിലെ സർക്കാർ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു
എറണാകുളം: കൊച്ചിയിലെ സർക്കാർ ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി. ആദ്യ ദിവസം സംഗീത സംവിധായകനും ഗായകനുമായ അൽഫോൺസ് ജോസഫിന്‍റെ മ്യൂസിക്കൽ നൈറ്റ് ഒരുക്കിയിരുന്നു. ലവണ്യം 2022 എന്ന് പേരിട്ടിരിക്കുന്ന ജില്ലാതല ഓണാഘോഷം ഈ മാസം 12 വരെ തുടരും. എറണാകുളം ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. ഉദ്ഘാടനത്തിന് മുന്നോടിയായി തുമ്പപൂ എറണാകുളത്തിന്‍റെ ഓണപ്പാട്ടും കലാവിരുന്നും നടന്നു. കൊവിഡ് മഹാമാരിക്കാലത്തെ ദുരിതങ്ങൾ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി ടൂറിസം മേഖലയ്ക്കും ഉത്തേജനം നൽകുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ദർബാർ ഹാൾ ഓപ്പൺ എയർ തിയേറ്റർ ഉൾപ്പെടെ 10 വേദികളിലാണ് സാംസ്കാരിക പരിപാടികൾ നടക്കുക.