മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രപതിക്ക് ഗവർണർ കത്ത് നൽകി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിക്ക് കത്തയച്ചു. തന്നെ അറിയിക്കാതെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തേക്ക് പോയതെന്നും കത്തിൽ പറയുന്നു. മുഖ്യമന്ത്രി ചട്ടലംഘനം നടത്തി. അദ്ദേഹത്തിനെതിരെ നടപടി ആവശ്യപ്പെട്ടാണ് കത്തയച്ചത്. കത്തിന്‍റെ പകർപ്പ് പ്രധാനമന്ത്രിയുടെ ഓഫീസിന് നൽകുകയും ചെയ്തു. "വിദേശത്തേക്ക് യാത്ര പോകുമ്പോഴും തിരിച്ചെത്തുമ്പോഴും അറിയിക്കുന്ന സമ്പ്രദായം ലംഘിക്കപ്പെട്ടു. അഡ്മിനിസ്ട്രേറ്റീവ് ചുമതലകൾക്കായുള്ള ക്രമീകരണങ്ങളും അറിയിച്ചിട്ടില്ല," കത്തിൽ പറയുന്നു. 10 ദിവസത്തെ യാത്രയെക്കുറിച്ച് തന്നെ അറിയിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രിയുടെ അഭാവത്തിൽ സ്ഥാനത്ത് ആരാണ് ചുമതല വഹിക്കുകയെന്ന് അറിയിച്ചില്ലെന്നും ഗവർണർ കത്തിൽ ആരോപിക്കുന്നു. ഇന്ന് സംസ്ഥാനത്തേക്ക് മടങ്ങുന്ന ഗവർണർ സർക്കാരുമായുള്ള വിവിധ വിഷയങ്ങളിൽ തർക്കത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്ന് കാത്തിരുന്ന് കാണുന്നതിനിടെയാണ് കത്തിന്‍റെ വിശദാംശങ്ങൾ പുറത്തുവന്നത്.