‘രാജ്യത്തെ കർഷകർ കടുത്ത പ്രതിസന്ധിയിൽ; മഹത്തായ കാർഷിക പാരമ്പര്യം സംരക്ഷിക്കണം’
തിരുവനന്തപുരം: മലയാളത്തിന്റെ പുതുവത്സരത്തിൽ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ കർഷകർ കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സമയമാണിതെന്ന വസ്തുതയാണ് കർഷകദിനത്തിന്‍റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നത്. കാർഷിക മേഖലയുടെ അഭിവൃദ്ധിക്കായി പുതിയ ചിന്തകൾ പങ്കു വയ്ക്കാനുളള അവസരമാണ് ചിങ്ങം ഒന്ന് കർഷക ദിനമായി ആചരിക്കുന്നതിലൂടെ ഒരുങ്ങുന്നതെന്നും മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ സന്ദേശം: 'ഇന്ന് ചിങ്ങം ഒന്ന്. കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് കർഷക ദിനം കൂടിയാണ്. ചിങ്ങം 1 കർഷക ദിനമായി ആചരിക്കുന്നതിലൂടെ നമ്മുടെ ശ്രേഷ്ഠമായ കാർഷിക പൈതൃകം ആഘോഷിക്കാനും കാർഷിക മേഖലയുടെ ഉന്നമനത്തിനായി പുതിയ ചിന്തകൾ പങ്കിടാനുമുള്ള അവസരമാണ് ഒരുങ്ങുന്നത്'.