കാവൽക്കാരൻ കള്ളനാണ്; ഇമ്രാൻ അനുകൂല റാലിയിൽ രാഹുൽ ഗാന്ധി ഉയർത്തിയ മുദ്രാവാക്യം
ഇമ്രാൻ ഖാനെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കിയതിനെതിരെ പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) നടത്തിയ റാലികളിൽ "ചൗക്കിദാർ ചോർ ഹേ" മുദ്രാവാക്യം മുഴങ്ങി. ഇന്ത്യയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ് ആദ്യമായി ഈ മുദ്രാവാക്യം ഉയർത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി ഉയർത്തിയ ജനപ്രിയ മുദ്രാവാക്യം ഇമ്രാൻ ഖാന്റെ ജനവിധി അട്ടിമറിച്ചെന്ന് ആരോപിച്ച് സൈന്യത്തിനെതിരെയാണ് അയൽ രാജ്യത്ത് മുഴങ്ങിയത്.
ഇമ്രാൻ ഖാനെ പുറത്താക്കിയതിനെതിരെ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ലാൽ ഹവേലിയിൽ തടിച്ചുകൂടിയ ജനക്കൂട്ടമാണ് പാകിസ്താൻ സൈന്യത്തിനെതിരെ മുദ്രാക്യം വിളിച്ച് തെരുവിൽ ഇറങ്ങിയത്. ഇമ്രാൻ ഖാൻ്റെ പാർടിയിലെ ഉന്നത നേതാക്കളടക്കം റാലിയിൽ പങ്കെടുത്തിരുന്നു.
മുൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് സൈന്യത്തിനെതിരെ മുദ്രാവാക്യം ഉയർത്തുന്നതിൽ നിന്ന് പ്രതിഷേധക്കാരെ തടയാൻ ശ്രമിക്കുന്നതായി കാണപ്പെട്ടു. സൈന്യത്തിനെതിരെ മുദ്രാവാക്യം മുഴക്കരുതെന്നും നമുക്ക് സമാധാനപരമായി പ്രതിഷേധിക്കാമെന്നും പറഞ്ഞ് പ്രതിഷേധക്കാരെ അദ്ദേഹം തടയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.