കേരളത്തില്‍ ഏറ്റവും 'ഹാപ്പി' പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍
തൃശ്ശൂർ: പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളാണ് കേരളത്തിലെ സ്കൂൾ ജീവിതത്തിൽ ഏറ്റവും കൂടുതൽ സംതൃപ്തരെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ പഠനത്തിൽ പറയുന്നു. രാജ്യത്തെ കുട്ടികളുടെ മാനസികാരോഗ്യവും പെരുമാറ്റ രീതികളും സംബന്ധിച്ച് നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ. കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ, സ്വകാര്യ സ്കൂളുകൾ തുടങ്ങി 10 വിഭാഗങ്ങളിലായാണ് പഠനം. സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ കുട്ടികളാണ് സ്കൂൾ ജീവിതത്തിലെ ഏറ്റവും സന്തുഷ്ടർ. ഈ വിഭാഗത്തിലെ 84,705 കുട്ടികളിൽ 79 ശതമാനവും അവരുടെ സ്കൂൾ ജീവിതത്തിൽ സംതൃപ്തരാണ്. സ്കൂളിൽ നിന്ന് കൈവരിക്കേണ്ട ലക്ഷ്യങ്ങളുടെ സാക്ഷാത്കാരത്തിന്‍റെ അടയാളമായാണ് സംതൃപ്തിയെ കണക്കാക്കിയിരുന്നത്. കേരളത്തിലെ 10,634 കുട്ടികളിലാണ് സർവേ നടത്തിയത്.