ഹാരിപോട്ടർ സിനിമയ്ക്ക് 20 വയസ്സ്, താരങ്ങളെല്ലാം ഒരിക്കൽക്കൂടി ഒത്തുകൂടുന്നു

ആദ്യ ഹാരിപോട്ടർ സിനിമ പുറത്തിറങ്ങിയിട്ട് 20 വർഷം പൂർത്തിയാകുന്ന വേളയിൽ ചിത്രത്തിലെ താരങ്ങളെല്ലാം ഒരിക്കൽക്കൂടി ഒത്തുചേരുകയാണ്. 'റിട്ടേൺ ടു ഹോഗ്വാർട്സ് ' എന്ന പേരിലുള്ള സ്പെഷ്യൽ പ്രോഗ്രാം എച്ച്ബിഒ മാക്സിൽ ജനുവരി 1-നാണ് സംപ്രേഷണം ചെയ്യുന്നത്.

ഹാരി പോട്ടറായി വേഷമിട്ട ഡാനിയൽ റാഡ്ക്ലിഫ് തന്നെയാണ് ഷോയിലെ ശ്രദ്ധാകേന്ദ്രം. കൗമാര മാന്ത്രികൻ്റെ ഉറ്റ സുഹൃത്തുക്കളായ ഹെർമയോണി ഗ്രാഞ്ചെർ (എമ്മ വാട്സൺ), റോൺ വീസ്ലി (റൂപ്പർട്ട് ഗ്രിൻ്റ്) എന്നിവരും സിനിമയിലെ മറ്റ് താരങ്ങളും അണിയറ പ്രവർത്തകരുമെല്ലാം ഒത്തുചേരുന്ന പരിപാടിയെ കുറിച്ചുള്ള അറിയിപ്പ് ആവേശപൂർവമാണ് ആരാധകർ വരവേറ്റത്. ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രമായ 'ഹാരി പോട്ടർ ആൻ്റ് ദി ഫിലോസഫേഴ്സ് സ്റ്റോൺ' സംവിധാനം ചെയ്ത ക്രിസ് കൊളംബസ് ഷോയിൽ പങ്കെടുക്കും. എന്നാൽ ഹാരി പോട്ടറുടെ യഥാർഥ സ്രഷ്ടാവ് ജെ കെ റൗളിങ്ങ് പരിപാടിക്ക് എത്തുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

ബ്രിട്ടീഷ് എഴുത്തുകാരി ജെ കെ റൗളിങ്ങ് എഴുതിയ ഏഴ് പുസ്തകങ്ങളുള്ള മാന്ത്രിക നോവൽ പരമ്പരയാണ് ഹാരി പോട്ടർ. 1997-ലാണ് ആദ്യകൃതി പ്രസിദ്ധീകരിക്കുന്നത്. തുടർന്നങ്ങോട്ട് ഓരോ പുസ്തകവും ഇറങ്ങുന്നതിനു വേണ്ടിയുള്ള ലോകത്തിൻ്റെ കാത്തിരിപ്പ് തന്നെ കേൾവികേട്ടതാണ്. ഏഴു പുസ്തകങ്ങളും കൂടി നൂറ് കോടിക്കടുത്ത് കോപ്പികൾ വിറ്റഴിഞ്ഞിട്ടുണ്ട്. നോവലുകൾക്കു പുറമേ സിനിമകളും വീഡിയോ ഗെയിമുകളും പുറത്തിറങ്ങി.

70-ലേറെ ഭാഷകളിലേക്ക് ഹാരി പോട്ടർ മൊഴി മാറ്റിയിട്ടുണ്ട്. 'ഹാരി പോട്ടർ ആൻ്റ് ഡെത്ത്ലി ഹാലോസ് ' ആണ് പരമ്പരയിലെ അവസാനത്തെ പുസ്തകവും സിനിമയും. 2500 കോടി അമേരിക്കൻ ഡോളറാണ് ഹാരി പോട്ടർ എന്ന ലോകോത്തര ബ്രാൻ്റിൻ്റെ ഏകദേശ മൂല്യമായി കണക്കാക്കപ്പെടുന്നത്.

Related Posts