ലാഭം മാത്രം നോക്കി സുരക്ഷയിൽ വിട്ടുവീഴ്ച, ആരോപണങ്ങൾ തള്ളി ഫേസ്ബുക്ക് മേധാവി
ലാഭം മാത്രം കണക്കിലെടുത്ത് ഫേസ്ബുക്കും സഹോദര സ്ഥാപനങ്ങളും സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുന്നു എന്ന ആരോപണം അപ്പാടെ തള്ളി മാർക്ക് സുക്കർബർഗ്. കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നു, വിഭജനം വളർത്തുന്നു, ആളുകളെ ദേഷ്യം പിടിപ്പിക്കുന്ന കണ്ടന്റുകൾ പ്രൊമോട്ട് ചെയ്യുന്നു തുടങ്ങി നിരവധി ഗുരുതരമായ ആരോപണങ്ങളാണ് കമ്പനി നേരിടുന്നത്.
ഫേസ്ബുക്കിനും വാട്സാപ്പ്, ഇൻസ്റ്റഗ്രാം, മെസഞ്ചർ എന്നിവയ്ക്കും എതിരെ ഉയർന്നുവന്ന ആരോപണങ്ങളെല്ലാം തെറ്റായതും വ്യാജവും യുക്തിക്ക് നിരക്കാത്തതുമാണെന്ന് സുക്കർബർഗ് പറഞ്ഞു. വിവിധ വിഭാഗങ്ങൾക്കിടയിൽ വെറുപ്പും സ്പർധയും വളർത്തുന്ന തരത്തിലാണ് പ്ലാറ്റ്ഫോമിന്റെ പ്രവർത്തനമെന്നും അതിനെ നിയന്ത്രിക്കണമെന്നും ആവശ്യങ്ങൾ ഉയരുന്നതിനിടയിലാണ് ആരോപണങ്ങൾ മുഴുവൻ നിഷേധിച്ച് കമ്പനി മേധാവി രംഗത്തുവരുന്നത്.
ലാഭം മാത്രം നോക്കി, ജനങ്ങളെ ദേഷ്യം പിടിപ്പിക്കുന്ന കണ്ടന്റുകൾ പോലും നമ്മൾ പ്രൊമോട്ട് ചെയ്യുന്നു എന്ന വിസിൽ ബ്ലോവറുടെ ആരോപണം യുക്തിക്ക് നിരക്കാത്തതാണെന്ന് ജീവനക്കാർക്ക് എഴുതിയ കത്തിൽ സുക്കർബർഗ് പറഞ്ഞു. പരാതികൾ തെറ്റായതും കഴമ്പില്ലാത്തതുമാണെന്ന വാദം ജീവനക്കാർക്കിടയിൽ തന്നെ പ്രചരിപ്പിക്കാനാണ് ഫേസ്ബുക്ക് മേധാവി ശ്രമിക്കുന്നത്. പിന്നീട് തൻ്റെ അക്കൗണ്ടിലൂടെ സുക്കർബർഗ് തന്നെ ഈ കത്ത് പുറത്തുവിട്ടു. ഏതെങ്കിലും കമ്പനി ജനങ്ങളെ ദേഷ്യം പിടിപ്പിക്കുന്നതും വിഷണ്ണരാക്കുന്നതുമായ ഉത്പന്നങ്ങൾ നിർമിക്കുമെന്ന് താൻ കരുതുന്നില്ലെന്നും കത്തിലുണ്ട്